Spread the love

‘രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്ക് ആർടിപിസിആർ നിർബന്ധമാക്കരുത്’; സംസ്ഥനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സർക്കാർ.


ദില്ലി: രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച അന്തർസംസ്ഥാന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കരുതെന്ന് ടൂറിസം മന്ത്രാലയം. യാത്രകാർക്കുള്ള പ്രോട്ടോക്കോൾ ഏകീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്തെ 50 ശതമാനത്തിലധികം പ്രതിദിന കൊവിഡ് കേസുകളും ഇപ്പോൾ കേരളത്തിലാണ്.ബംഗാൾ, ഗോവ, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച അന്തർ സംസ്ഥാന യാത്രക്കാർക്കും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ മാത്രമെ പ്രവേശനം അനുവദിക്കുന്നുള്ളു. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം. യാത്രാ നിയന്ത്രണങ്ങൾക്ക് ഏകീകൃത പ്രോട്ടോക്കൾ വേണമെന്നാണ് ടൂറിസം മന്ത്രാലയത്തിന്‍റെ ആവശ്യം.
സംസ്ഥാന സർക്കാരുകളുമായും, ടൂറിസം അസോസിയേഷനുകളിലെ പ്രതിനിധികളുമായും കഴിഞ്ഞ ആഴ്ച ടൂറിസം മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. ഏകീകൃതമായ പ്രോട്ടോക്കോൾ രൂപീകരിക്കാൻ ആരോഗ്യ മന്ത്രാലയവും, വ്യാമയാന മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 41195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ പകുതിയിൽ അധികവും കേരളത്തിലാണ്. പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനം. നാല് സംസ്ഥാനങ്ങളിൽ ഒരു ശതമാനത്തിൽ കൂടുതലാണ് ആർ മൂല്യം. 44 ജില്ലകളിൽ ഇപ്പോഴും ടിപിആർ 10 ശതമാനത്തിൽ അധികമാണ്.അതേസമയം ഉത്തർപ്രദേശിലും പഞ്ചാബിലുമടക്കം വൈറസിന്‍റെ വ്യാപന നിരക്ക് സൂചിപ്പിക്കുന്ന ആർ മൂല്യം കൂടുന്നത് കേന്ദ്രത്തിന് ആശങ്കയാകുകയാണ്.

Leave a Reply