ഒരു പ്രണയം സെറ്റാക്കാൻ ഏതറ്റം വരെയും പോകുന്ന തലമുറയൊന്നും ഈ 2025ൽ കാര്യമായി അവശേഷിക്കുന്നില്ല. അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള പ്രണയിതാക്കളോ എടുത്തു പ്രണയകഥകളോ ഇന്ന് സംഭവിക്കുന്നില്ലെന്ന് തന്നെ ഏറെക്കുറെ പറയാം. ഇവിടെയാണ് കണ്ണൻ എന്ന നിഷ്കളങ്ക യുവാവും തന്റെ പ്രണയിനിയെ സ്നേഹത്തിൽ വീഴ്ത്താനായി കഥകളി വരെ വശത്താക്കാൻ ഉദ്ദേശിച്ച കണ്ണന്റെ സാഹസവും പ്രേക്ഷകരെ രുഗ്മിണി സ്വയംവരം എന്ന വെബ് സീരീസിലേക്ക് അടുപ്പിക്കുന്നത്.

https://youtu.be/P3IbUYZAGjs?si=Kaz19Byy05b1rQz0
സ്ഥിരം മലയാള ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും ഉപയോഗിക്കാറുള്ള ഡബിൾ മീനിങ് പ്രയോഗങ്ങളും നിലവാരം കുറഞ്ഞ തമാശകളും ഇല്ലാത്ത ഒരു ഡീസന്റ് അറ്റംപ്റ്റ്. അഭിനേതാക്കൾ എല്ലാരും തന്നെ പുതുമുഖങ്ങൾ ആണെങ്കിലും വീഴ്ച്ചയില്ലാതെ പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. ആദ്യ അവസാനം രസചരട് പൊട്ടാതെ ചിരിപ്പിച്ചും പഴയ സത്യൻ അന്തിക്കാട് പടങ്ങളെ ഓർമിപ്പിച്ചും ഒടുവിൽ എപ്പിസോഡ് തീരുമ്പോൾ പാവം പിടിച്ച നായകന്റെ അതിസാഹസങ്ങളിലേക്ക് പ്രേക്ഷകന്റെ ആകാംക്ഷയെ കൊണ്ട് കെട്ടിയിടുന്ന ഡയറക്ടർ ബ്രില്ല്യൻസ്.
തുടക്കം മുതൽ ഒടുക്കം വരെ കോമഡി ലൈൻ ആണെങ്കിലും വരും എപ്പിസോഡുകളിൽ വരാനിരിക്കുന്ന അടി ഇടി സംഘട്ടനകളെക്കുറിച്ച് എപ്പിസോഡ് സൂചന നൽകുന്നുണ്ട്. സീരീസിന്റെ ഒന്നാം സീസണിൽ ഏറെ പ്രശംസ നേടിക്കൊടുത്ത ആക്ഷൻ കൊറിയോഗ്രാഫി വരും എപ്പിസോഡിലും കാണാൻ സാധിക്കുമെന്നാണ് എപ്പിസോഡിലെ സൂചനകൾ മനസ്സിലാക്കി തരുന്നത്.
മൂവിഗാങ് പ്രൊഡക്ഷൻ നിർമിക്കുന്ന സീരീസ് സംവിധാനം ചെയ്യുന്നത് എച്ച് കെ ഷാഹുൽ ആണ്. വിബിൻ ബാലചന്ദ്രൻ ആണ് രചന. ക്യാമറ റോഷിത്ത് രവീന്ദ്രൻ. രാജു മണ്ണൂരും കെ. ബി അരുൺ ബാബുവും ചേർന്നാണ് സംഗീതം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വിജീഷ് ചാത്തന്നൂരും നിർവഹിക്കുന്നു. സുരേഷ്, ജയരാജ്, ബാബുരാജ് എന്നിവരാണ് പ്രൊഡക്ഷൻ കണ്ട്രോളഴ്സ്. മേക്കപ്പ് അസ്ന അസീസും, ഫൈറ്റ് കൊറിയോഗ്രാഫി അനൂപ് ശശിധരും നിർവഹിക്കുന്നു.









