ആരോഗ്യത്തിന് പ്രധാനമാണ് വ്യായാമം. അതിൽ തന്നെ ലളിതമായ വ്യായാമ മാർഗങ്ങളാണ് നടത്തവും ഓട്ടവും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഭാരനിയന്ത്രണത്തിനും മാനസികാരോഗ്യത്തിനും ഇവ അനിവാര്യമാണ്. സന്ധികൾ ആയാസപ്പെടാതെ സജീവമായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള മികച്ച മാർഗമാണ് നടത്തം. തീവ്രമായ വ്യായാമമാണ് ഓട്ടം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കലോറി കത്തിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഇവയിലേതാണ് മികച്ചതെന്ന് ചോദിച്ചാൽ എന്താകും ഉത്തരം?
മികച്ചത് ഏതാണെന്ന് അറിയണമെങ്കിൽ ഓട്ടത്തിന്റെയും നടത്തത്തിന്റെയും ഗുണങ്ങളറിയണം. അവയിതാ..
നടക്കുന്നതിന്റെ ഗുണങ്ങൾ
- ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നടക്കുന്നത് നല്ലതാണ്. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും പതിവായുള്ള നടത്തം നല്ലതാണ്. രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും ഇത് സഹായിക്കുന്നു.
- ശരീരഭാരം കുറയ്‌ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും നടത്തം നല്ലതാണ്.
- പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നു.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നടത്തം നല്ലതാണ്. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നു.
- ഭക്ഷണത്തിന് ശേഷം നടക്കുന്നത് വയറിലെ പേശികളെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നു. വയറുവേദന, മലബന്ധം എന്നിവയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു.
- സന്ധികളുടെ വേദന കുറയ്‌ക്കാനും നടത്തം നല്ലതാണ്.
ഓടുന്നതിന്റെ ഗുണങ്ങൾ
- ഹൃദയമിടിപ്പ് ഗണ്യമായി വർദ്ധിപ്പിക്കാൻ ഓട്ടം സഹായിക്കും. രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
- ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്ടത്തിന്റെ തീവ്രത മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു.
- എല്ലുകളുടെയും പേശികളുടെയും ബലം വർദ്ധിപ്പിക്കുന്നു.
- ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഓട്ടം സഹായിക്കുന്നു. കൂടുതൽ നേരം ഉറങ്ങാനും രാത്രിയിൽ ഇടയ്‌ക്കിടെ ഉണരുന്നത് തടയാനും ദിവസവുമുള്ള ഓട്ടം സഹായിക്കും.
- ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും ഓട്ടം സഹായിക്കു. വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കാൻ ഓടുന്നത് നല്ലതാണ്.
- ശ്വസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓട്ടം സഹായിക്കും. ഓടുമ്പോൾ ശരീരത്തിലെ ഓക്സിജൻ കൈമാറ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.