
ഏഴാറ്റുമുഖം ∙ പ്ലാന്റേഷൻ റോഡിലിറങ്ങിയ കാട്ടാന ഭീതി പരത്തി. വാഹനങ്ങളിൽ പോയ യാത്രക്കാരുടെ പിന്നാലെ ഓടിയടുത്തു. ഏഴാറ്റുമുഖം ചെക്പോസ്റ്റിനു സമീപത്ത് ഇന്നലെ രണ്ടു മണിയോടെയാണു കാട്ടാനയിറങ്ങിയത്. അരമണിക്കൂറോളം കാട്ടാന വഴിയിൽ തങ്ങി. പ്ലാന്റേഷൻ റോഡിലെ ഗതാഗതം കുറെ സമയം മുടങ്ങി. തലേദിവസം പുലർച്ചെ ഈ ഭാഗത്ത് കാട്ടാനകൾ എണ്ണപ്പന മറിച്ചിട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പുലർച്ചെ പ്ലാന്റേഷനിലേക്കു വന്ന കെഎസ്ആർടിസി ബസ് ഏറെ നേരം റോഡിൽ നിർത്തിയിടേണ്ടിവന്നു. എണ്ണപ്പന മറിച്ചിട്ടതിനു അടുത്ത് രണ്ടു കാട്ടാനകൾ ഉണ്ടായിരുന്നു.
കാട്ടാനകളെ ഓടിച്ച ശേഷം തൊഴിലാളികളും നാട്ടുകാരുമൊക്കെ ചേർന്നാണ് എണ്ണപ്പന റോഡിൽ നിന്നു നീക്കി ഗതാഗതതടസ്സം ഒഴിവാക്കിയത്. മറിച്ചിട്ട എണ്ണപ്പന തിന്നുന്നതിനു വേണ്ടിയാണ് ഇന്നലെ കാട്ടാനകളിലൊന്നു വീണ്ടുമെത്തിയത്. റോഡിൽ നിന്നു കയറാതെ നിന്ന കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിലാണു കാടുകയറ്റിയത്. പ്ലാന്റേഷന്റെ റോഡുകളിൽ കാട്ടാനകൾ ഗതാഗതതടസ്സം സൃഷ്ടിക്കുന്നതു പതിവായിട്ടുണ്ട്. കുറച്ചുദിവസങ്ങൾക്കു മുൻപും ഏഴാറ്റുമുഖത്ത് കാട്ടാന എണ്ണപ്പന മറിച്ചിട്ട് റോഡ് ഗതാഗതം മുടക്കിയിരുന്നു. കല്ലാല എസ്റ്റേറ്റിൽ കുളിരാംതോടിലും കാട്ടാനകൾ ഇറങ്ങാറുണ്ട്.