
ചെർണോബിൽ ആണവനിലയം പിടിച്ചടക്കി റഷ്യ. ആണവനിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യൻ സൈന്യം ബന്ദികളാക്കി ആണവനിലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു എന്ന് റിപ്പോർട്ടുകൾ. ലോകത്തെ നടുക്കിയ ആണവദുരന്തം നടന്ന, സോവിയറ്റ് യൂണിയന്‍റെ പതനത്തിന് വലിയൊരു കാരണമായ, നിലവിൽ ലോകത്തെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് മേഖല കൂടിയാണ് ചെർണോബിൽ. ആക്രമണത്തിന് റഷ്യയ്ക്ക് ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ബെലാറസിൽ നിന്ന് കീവിലേക്ക് ഏറ്റവുമെളുപ്പം എത്താനാകുന്നത് ചെർണോബിൽ വഴിയാണ്. അതിനാലാണ് റഷ്യ ആണവനിലയത്തെ ലക്ഷ്യമിടുന്നതെന്ന് മുൻ യുഎസ് ആർമി സ്റ്റാഫ് ചീഫ് ജാക്ക് കീൻ നിരീക്ഷിക്കുന്നു. . ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ്, 1986 ഏപ്രിലിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പൊട്ടിത്തെറിച്ചത്. സ്ട്രോൻഷ്യം, സീസിയം, പ്ലൂട്ടോണിയം എന്നിവയുടെ വികിരണം അന്നത്തെ യുക്രൈൻ, ബെലാറസ്, റഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിതച്ചത് വലിയ പാരിസ്ഥിതികപ്രത്യാഘാതമാണ്. ഈ ദുരന്തത്തിന്‍റെ വ്യാപ്തി ലോകമറിഞ്ഞപ്പോൾ അത് സോവിയറ്റ് യൂണിയന്‍റെ പതനത്തിന് തന്നെ ഒരു കാരണമായി. ദുരന്തം നടന്ന് ആറ് മാസത്തിനകം ‘സാക്രോഫാഗസ്’ എന്ന പേരിൽ റിയാക്ടർ മൂടാനും അന്തരീക്ഷത്തിൽ വികിരണം തുടരുന്നത് തടയാനുമുള്ള പദ്ധതിയൊരുങ്ങി. റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലിലെ ആണവഅവശിഷ്ടങ്ങൾ സുരക്ഷിതമായിത്തന്നെ തുടരുമോ എന്ന ആശങ്കയും നാറ്റോ രാജ്യങ്ങളടക്കം ഉന്നയിക്കുന്നുണ്ട്.