
ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപകാലത്ത് തന്നെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ കൂടുതലാകാന്‍ സാധ്യതയുണ്ട്. എണ്ണവില ബാരലിന് 150 ഡോളറായി ഉയരുന്നത് ആഗോള ജിഡിപി വളര്‍ച്ച വെറും 0.9 ശതമാനമായി കുറയ്ക്കുമെന്ന് ജെപി മോര്‍ഗന്റെ വിശകലനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ യുക്രൈനുമായി യുദ്ധം ചെയ്താല്‍ ഗാര്‍ഹിക പ്രകൃതി വാതകത്തിന്റെ (സിഎന്‍ജി, പിഎന്‍ജി, വൈദ്യുതി) വില പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അസംസ്‌കൃത എണ്ണവില ഉയരുന്നത് പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്സിഡി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ദ്ധനവിന് സാധ്യത കൂടുതലാണ്. എണ്ണവില ഉയരുന്നത് കറണ്ട് അക്കൗണ്ട് കമ്മിയെ ബാധിക്കും. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും എണ്ണയാണ്. ഗോതമ്പിന്റെ മൊത്തം ആഗോള കയറ്റുമതിയുടെ നാലിലൊന്നും റഷ്യ യുക്രൈന്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ് നടക്കുന്നത്. കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള ധാന്യങ്ങളുടെ ഒഴുക്ക് തടസപ്പെട്ടാല്‍ അത് വിലയിലും ഇന്ധന വിലക്കയറ്റത്തിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധരുടെ ആശങ്ക.