റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച ഇന്ന് വൈകിട്ട് ബലറൂസിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെയാണ് ചർച്ച നടക്കുക. ചർച്ചക്കെത്തുമെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യൻ സംഘവും ബലറൂസിലെത്തിയിട്ടുണ്ട്. യുക്രൈനിൽനിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത പാതയൊരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം മൂന്നാം ദിവസവും നടപ്പായില്ല. സുരക്ഷിത ഇടനാഴിയിൽ അടക്കം സ്‌ഫോടനങ്ങൾ ഉണ്ടായതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം ഒഴിപ്പിക്കൽ നിർത്തിവെച്ചു. യുക്രൈന് സുരക്ഷ നൽകാൻ ഇനിയെത്ര മരണം വേണ്ടിവരുമെന്നും നാറ്റോ രാജ്യങ്ങളോട് സെലെൻസ്കി ചോദിച്ചു. നാറ്റോ നേരിട്ട് ഇടപെടാത്ത സാഹചര്യത്തിലാണ് സെലൻസ്കിയുടെ പ്രതികരണം. യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.