
യുക്രൈനെതിരായ ആക്രമണത്തിനിടെ റഷ്യന്‍ മിസൈല്‍ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ പതിച്ചു. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്റെ ഭാഗത്താണ് റഷ്യന്‍ മിസൈല്‍ പതിച്ചത്.ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചതെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോളിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യുക്രൈനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ റഷ്യ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തിരുന്നു. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ മിസൈലുകളാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ റഷ്യ യുക്രൈനെതിരെ പ്രയോഗിച്ചിട്ടുള്ളത്. പോളണ്ടിലേക്ക് റഷ്യന്‍ മിസൈല്‍ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളേക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം.