യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി അന്തിമഘട്ടത്തിലേക്ക്. തലസ്ഥാനമായ കീവില്‍ പ്രവേശിച്ച സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. അതേസമയം യുക്രെയ്നെ കീഴടക്കുകയല്ല, സര്‍ക്കാരിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഒറ്റക്കാണെങ്കിലും ഉറച്ചു നിന്ന് പോരാടുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലെൻസ്കി പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയോടെയാണ് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പ്രവേശിച്ചത്. സൈനികവാഹനങ്ങളുമായി നഗരത്തിലെത്തിയ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വ്യോമാക്രമണവും ശക്തമാക്കി. നഗരത്തില്‍ വ്യാപക സ്ഫോടനങ്ങള്‍ നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ആയുധം താഴെവയ്ക്കാതെ യുക്രെയ്നുമായി ചര്‍ച്ചയ്ക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് വ്യക്തമാക്കി. വ്ലോദിമര്‍ സെലന്‍സ്കിയുടെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാരിനെ റഷ്യ അംഗീകരിക്കുന്നില്ല. ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ലവ്റോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം എല്ലാ പൗരന്‍മാരോടും ആയുധമെടുത്ത് യുദ്ധത്തിനിറങ്ങാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. ലോക രാജ്യങ്ങൾ കാഴ്ചക്കാരായി നിൽക്കുകയാണെന്നും പ്രശ്ന പരിഹാരം ഉടൻ വേണമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലേത് റഷ്യൻ അധിനിവേശമെന്നും ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കുന്ന പ്രമേയം യുഎൻ അവതരിപ്പിച്ചു. റഷ്യ യുക്രൈനിൽ നിന്ന് നിരുപാധികം പിൻവാങ്ങണം എന്നാവശ്യപ്പെടുന്ന പ്രമേയം ചർച്ചയ്ക്കായി ഇന്ത്യയുൾപ്പെടയുള്ള രാജ്യങ്ങൾക്കു കൈമാറി. അതിനിടെ ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ വ്യോമപാത ഉപയോഗിക്കുന്നത് റഷ്യ വിലക്കി.