കൊച്ചി.കോവിഡ് രണ്ടാം തരംഗം കേരളത്തിൽ മഹാമാരി യായി പെയ്തു കൊണ്ടിരിക്കുമ്പോൾ ശബരി ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങായി മാറി.
ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മണ്ണാർക്കാട് ശബരി പള്ളിക്കുറുപ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ 4 ബസ്സുകൾ എറണാകുളം ജില്ലാ കളക്ടറുടെയും റീജിണൽ ട്രാൻസ്‌പോർട് ഓഫീസറുടെയും അനുമതി പ്രകാരം ആൾട്രേഷൻ വരുത്തി ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിന് കൈമാറി. ശബരി ട്രസ്റ്റ് ചെയർമാൻ പി. ശശികുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കുറുപ്പ് സ്കൂൾ അദ്ധ്യാപകരും സ്കൂൾ പി.ടി.എ. യുമാണ് വേണ്ട സംവിധാനങ്ങൾ ഒരുക്കിയത്.
ഇതിന് ആവശ്യമായ മുഴുവൻ ചിലവുകളും ശബരി ചാരിറ്റബിൾ ട്രസ്റ്റ് ആണ് നൽകിയതെന്നും ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും, ചെർപ്പുളശ്ശേരി എജ്യുക്കേഷൻ ട്രസ്റ്റിൻ്റേയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും 35ൽ അധികം വരുന്ന എല്ലാ ബസ്സുകളും കോവിഡ് വ്യാപനം കൂടുന്ന സാഹാചര്യം വരികയാണെങ്കിൽ ആൾട്രേഷൻ ചെയ്ത് നൽകുവാൻ തയ്യാറാണെന്നും ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ശശികുമാർ അറിയിച്ചു.ദക്ഷിണ ഇന്ത്യയിൽ അറിയപ്പെടുന്ന വ്യവസായ ഗ്രൂപ്പ് ആണ് ശബരി . ശശികുമാർ, സുനിൽകുമാർ, ശ്രീകുമാർ, ശോഭന എന്നിവരാണ് ശബരി ഗ്രൂപ്പിന്റെ അമരക്കാർ.