കൊച്ചി :അങ്കമാലി- എരുമേലി ശബരി റെയിൽപാത പദ്ധതി മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കാൻ ഒരുങ്ങി റെയിൽവേ ബോർഡ്.
പകുതി ചെലവ് വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കെ -റെയിലിനോട് (കേരള റെയിൽവേ ഡെവലപ്മെൻറ് കോർപറേഷൻ )എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടതായും, അതു ലഭിച്ചാലുടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും റെയിൽവേ അറിയിച്ചു. 2017 ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2,815 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. പദ്ധതിക്കായി 2,000 കോടി രൂപ കിഫ്ബി വഴി നൽകുമെന്ന് കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പദ്ധതി മരവിപ്പിച്ച റെയിൽവേയുടെ തീരുമാനം ഇതുവരെ പിൻവലിക്കാത്തതിനാൽ ഈ പണം ഉപയോഗിച്ച് ഭൂമി എടുക്കുവാനും കഴിയില്ല. എന്നാൽ ഇതിനായി കാലടി വരെ റെയിൽ പാതയും പെരിയാറിൽ പാലവും നിർമ്മിച്ചിട്ടുണ്ട്.റെയിൽ പദ്ധതിക്കായി റെയിൽവേ ഇതുവരെ 254 കോടി രൂപ ചെലവിട്ടു.
ആക്ഷൻ കൗൺസിലിൻറെ ആവശ്യം പദ്ധതിക്കായി കാലടി മുതൽ രാമപുരം വരെ (63 കിലോമീറ്റർ) ഭാഗത്ത് ആദ്യം സ്ഥലം ഏറ്റെടുക്കണം എന്നാണ്.
കുന്നത്തുനാട് താലൂക്കിൽ സാമൂഹിക ആഘാത പഠനം നടത്തിയെങ്കിലും പണമില്ലാത്തതിനാൽ ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടില്ല.മൂവാറ്റുപുഴ,കോതമംഗലം താലൂക്കുകളിൽ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട പബ്ലിക് ഹിയറിങ്ങും നടന്നിട്ടില്ല. എന്നാൽ പദ്ധതി പുനഃപരിശോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട്,എസ്റ്റിമേറ്റ് പുതുക്കുന്നതിന്റെ ഭാഗമായി രാമപുരം മുതൽ എരുമേലി വരെ ആകാശ സർവേ (ലിഡാർ) നടത്താനുള്ള കരാർ കെ -റെയിൽവേ ക്ഷണിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുമെന്നാണ് സൂചന.