Spread the love

ശബരിമല വിമാനത്താവളം: ഫീൽഡ്, മണ്ണ് പരിശോധനകൾ അടിയന്തരമായി നടത്താൻ നിർദേശം നൽകി സർക്കാർ.


കോട്ടയം : നിർദിഷ്ട ശബരിമല വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ഫീൽഡ് പരിശോധനയും മണ്ണു പരിശോധനയും അടിയന്തരമായി നടത്താൻ സർക്കാർ നിർദേശം നൽകി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനാണു പരിശോധനകൾ നടത്തുന്നത്. വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംശയങ്ങൾ ഉന്നയിച്ചിരുന്നു.
വിമാനത്താവളം നിർമിക്കുന്ന ഭൂമിയിൽ ടെക്നോ ഇക്കണോമിക് സർവേയിലെ പോരായ്മകളാണു ഡിജിസിഎ ചൂണ്ടിക്കാണിച്ചത്.
മണ്ണു പരിശോധനയും ഫീൽഡ് സർവേയും നടത്തി റിപ്പോർട്ട് ഉൾപ്പെടുത്താതെയാണ് കേരളം അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെ ഇവിടെ മണ്ണു പരിശോധനയ്ക്കും ഫീൽഡ് സർവേയ്ക്കും ചെന്നവരെ ഒരു വിഭാഗം തടഞ്ഞു. ഇതോടെ പരിശോധന ഒഴിവാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇരുപരിശോധനകളും നടത്താൻ തീരുമാനിച്ചത്. വിമാനത്താവളം നിർമിക്കുന്നതിന് അനുയോജ്യമാണോ ഭൂപ്രകൃതിയെന്നു പരിശോധിക്കും. കോണ്ടൂർ സർവേയിൽ എത്ര കുന്നുകൾ നിരത്തണമെന്നും താഴ്ചയുള്ള ഭൂമി നികത്തണമെന്നും കണ്ടെത്താനാകും. ഫീൽഡ് സർവേയിൽ ഭൂമിയുടെ സ്വഭാവം, ജനവാസം, പുനരധിവാസം എന്നീ വിവരങ്ങൾ ലഭിക്കും.
നിയമനടപടികൾക്കും വേഗം കൂട്ടുകയാണിപ്പോൾ.ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് പാലാ സബ് കോടതിയിലുള്ള കേസിൽ സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായി സജി കൊടുവത്തിനെ നിയമിച്ചു. നിലവിൽ പ്ലീഡർ ഐക് മാണിയാണ് സർക്കാരിനായി ഹാജരാകുന്നത്.

Leave a Reply