Spread the love

ചെങ്ങന്നൂർ : ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഒരാഴ്ച മാത്രം നിൽക്കെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ ഒരുക്കങ്ങൾ പാതിവഴിയിൽ. പതിനായിരക്കണക്കിനു തീർഥാടകർ സ‍ഞ്ചരിക്കേണ്ട റെയിൽവേ റോഡിൽ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. ഓടകൾ ശുചിയാക്കി വെള്ളം ഒഴുക്കി വിടാൻ അടിയന്തര നടപടി സ്വീകരിക്കണം.
സീസണിൽ ശുചീകരണ ജോലികൾക്കായി 25 ശുചീകരണത്തൊഴിലാളികളെ നഗരസഭ അധികമായി നിയമിച്ചിട്ടുണ്ട്. 6 സെക്യൂരിറ്റി ജീവനക്കാരെയും ഇൻഫർമേഷൻ സെന്ററിലേക്കു ജീവനക്കാരനെയും നിയമിക്കും. നഗരസഭ ഓഫിസിനു സമീപം നഗരസഭ വാടകയ്ക്കെടുത്ത സ്ഥലത്ത് 10 ശുചിമുറികളും കുളിമുറികളും ഒരുക്കുമെന്ന് നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം പറഞ്ഞു.

സ്വകാര്യ ബസ്‌ സ്റ്റാൻഡിൽ പൊളിച്ചു മാറ്റിയ കംഫർട്ട് സ്റ്റേഷനു പകരമായി 2 താൽക്കാലിക ശുചിമുറികൾ സ്ഥാപിച്ചിട്ടുണ്ട്. മഹാദേവക്ഷേത്രത്തിനു സമീപം തീർഥാടകർക്കായുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമാണം വീണ്ടും മുടങ്ങി. ആഴ്ചകളായി പണി മുടങ്ങിക്കിടക്കുകയാണ്.

Leave a Reply