കൊച്ചി: ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ട് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നു ജോലിക്ക് ഹാജരാകാനാകാത്ത ജീവനക്കാര്‍ക്കു മാത്രം ഇളവു നല്കിയാല് മതിയെന്നും ജസ്റ്റീസ് അനില്‍ .കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകാന്‍ മടി കാട്ടുന്നെന്നാരോപിച്ച് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം പരിഗണിച്ചു നിര്‍ദേശം നല്‍കിയത്.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് 200 ക്ലാസ് ഫോര്‍ ജീവനക്കാരെ നിയമിക്കണം. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണം. ദിവസവേതനാടിസ്ഥാനത്തില്‍ 250 ജീവനക്കാരെ ഉടന്‍ നിയമിക്കണം. ഇതിനായി ഈ മാസം 20ന് ഇന്റര്‍വ്യൂ നടത്തുമെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.
ഇക്കാര്യത്തില്‍ കാലതാമസമില്ലാതെ നിയമനം നടത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.