വെള്ളിയാഴ്ച പുലർച്ചെ എസ്‌ഐടി ഓഫീസിൽ, മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യൽ, ഒടുവിൽ ഉച്ചകഴിഞ്ഞ് അറസ്റ്റും. ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി നടത്തിയ നിർണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്‌ഐടിയുടെ മുന്നിൽ ഹാജരായത്. സഹായിയായ നാരായണൻ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യൽ മണിക്കൂറുകൾനീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നത്.
ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതുമുതൽ സംശയനിഴലിലുണ്ടായിരുന്ന പേരുകളിൽ ഒന്നായിരുന്നു കണ്ഠരര് രാജീവരുടേതും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുൻ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാർ മൊഴിനൽകിയതോടെ കുരുക്ക് മുറുകി. മാത്രമല്ല, സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ ഉയർന്നു. നേരത്തേ തന്ത്രിമാരായ കണ്ഠരര് രാജീവരിൽനിന്നും കണ്ഠരര് മോഹനരിൽനിന്നും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.
തന്ത്രിക്കെതിരേ പത്മകുമാറിന്റെ ഉറച്ച മൊഴി
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും അടുത്തബന്ധമുണ്ടായിരുന്നതായാണ് അറസ്റ്റിലായതിന് പിന്നാലെ എ. പത്മകുമാർ മൊഴിനൽകിയിരുന്നത്. താൻ പരിചയപ്പെടുന്നതിന് മുൻപുതന്നെ പോറ്റി ശബരിമലയുള്ള വ്യക്തിയായിരുന്നുവെന്നും തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു.
പോറ്റിയെ അറിയാം, കൊണ്ടുവന്നത് താനല്ലെന്ന് കണ്ഠരര് രാജീവര്…
സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിനിടെ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് മൊഴിയെടുത്തപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നുതന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. ശബരിമലയിൽ ഒട്ടേറെ വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്നനിലയിലും പൂജാരിയുടെ സഹായി എന്നനിലയിലും പോറ്റിയെ പരിചയമുണ്ടെന്നായിരുന്നു രാജീവരുടെ മൊഴി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോർഡിന്റെ തീരുമാനപ്രകാരമാണ്. സ്വർണപ്പാളികൾ പുതുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇക്കഴിഞ്ഞ നവംബറിൽ തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നൽകി. അതേസമയം, പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്നും കണ്ഠരര് രാജീവര് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സംശയമായി കുറിപ്പിലെ പരാമർശം…
2019-ലെ സ്വർണപ്പാളി തട്ടിപ്പ് കഴിഞ്ഞവർഷം പുറത്തറിഞ്ഞപ്പോൾ ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ തന്ത്രിയുടെ കുറിപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പിൽ തന്ത്രി പരാമർശിച്ചിരുന്നത്.
തന്ത്രി കണ്ഠരര് രാജീവരിൽനിന്നാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ അഭിപ്രായം എഴുതിവാങ്ങിയിരുന്നത്. ‘ദ്വാരപാലകരിലും ശ്രീകോവിലിന്റെ തെക്കും വടക്കുമുള്ള മൂലകളിലും പൂശിയിട്ടുള്ള സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതിയതായി സ്വർണംപൂശി വൃത്തിയാക്കിവെക്കുന്നതിന് അനുവദിക്കാവുന്നതാണ്’, എന്നാണ് തന്ത്രിയുടെ കുറിപ്പിൽ കാണുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ടായിരുന്നു.
അതേസമയം, 1998-ൽ ദ്വാരപാലക ശില്പങ്ങളിലും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിലും സ്വർണം പൊതിയുകയായിരുന്നു എന്ന വസ്തുത തന്ത്രിയുടെ കുറിപ്പിലും ഉണ്ടായില്ലെന്നത് എസ്‌ഐടി അന്നേ വിലയിരുത്തി.
തന്ത്രി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബു റിപ്പോർട്ട് തയ്യാറാക്കിയതെങ്കിലും തന്ത്രി പറഞ്ഞിരുന്ന ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ’ എന്നത് പിന്നീട് മാറ്റുകയായിരുന്നു. ദ്വാരപാലകരുടെ കാര്യത്തിൽ ചെമ്പുതകിടെന്നും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിൽ ചെമ്പുപാളികളെന്നുമാണ് മുരാരി വരുത്തിയ ഭേദഗതി. താൻ എഴുതിക്കൊടുത്തപോലെയല്ല മുരാരി റിപ്പോർട്ടിൽ എഴുതിയതെന്ന്, സെപ്റ്റംബറിൽ മോഷണവിവരം പുറത്തുവന്നപ്പോൾ തന്നെ കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നു.
‘ദൈവതുല്യരായ പലരും പിന്നിലുണ്ട്…’
ശബരിമല സ്വർണക്കൊള്ളയിൽ ദൈവതുല്യരായ പലരും ഉൾപ്പെട്ടതായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിരുന്നു. ”ദൈവതുല്യരായി കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കിൽ എന്തുചെയ്യാൻ പറ്റും” എന്നായിരുന്നു പത്മകുമാർ മാസങ്ങൾക്ക് മുൻപ് പറഞ്ഞത്. എന്നാൽ, അത് തന്ത്രിയെക്കുറിച്ചാണോ എന്ന ചോദ്യങ്ങൾക്കൊന്നും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.
ദൈവതുല്യരായ എത്രയോപേർ ഉണ്ടെന്നായിരുന്നു ഇതേക്കുറിച്ച് കണ്ഠരര് രാജീവരുടെ പ്രതികരണം. പത്മകുമാർ പറഞ്ഞ ദൈവ്യതുല്യർ ആരാണെന്നത് താൻ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
പിന്നീട് ആഴ്ചകൾക്ക് ശേഷം കോടതിയിൽനിന്ന് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോഴും പത്മകുമാർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ആരെക്കുറിച്ചാണ് ദൈവതുല്യരെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ‘വേട്ടനായ്ക്കൾ’ അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ദൈവതുല്യൻ ശവംതീനിയല്ലെന്നും എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നും പത്മകുമാർ അന്ന് പറഞ്ഞിരുന്നു. പത്മകുമാർ ഈ പ്രതികരണം നടത്തിയ അതേദിവസമാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്‌ഐടി ചോദ്യംചെയ്‌തെന്ന വാർത്തയും പുറത്തുവന്നത്.







