Spread the love

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 10നു മുൻപ് വിവിധ നിർമാണ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തീർഥാടനത്തിന് പൂർണ സജ്ജമാക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. നവംബർ 10ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇത് സംബംന്ധിച്ച പരിശോധന നടത്തും. അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതയിൽ വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. തീർഥാടകരിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മിഷൻ ഗ്രീൻ ശബരിമല പദ്ധതി തുടരും. തീർഥാടകരുടെ വാഹനങ്ങൾക്ക് സുഗമമായ സഞ്ചാരമൊരുക്കുന്നതിനു മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇലവുങ്കൽ ആസ്ഥാനമാക്കി സേഫ് സോൺ പദ്ധതി നടപ്പാക്കും. പൊലീസും അഗ്നിരക്ഷാ സേനയും 6 ഘട്ടങ്ങളിലായി സേനയെ വിന്യസിക്കും.

ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിൽ 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും. തീർഥാടകരുടെ തിരക്ക് അനുസരിച്ച് മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സർവീസുകൾ ക്രമീകരിക്കുന്നത്. പമ്പ, എരുമേലി, പന്തളം ഡിപ്പോകളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും കെഎസ്ആർടിസി ബസ് സർവീസുകൾ നടത്തും. തീർഥാടന കാലയളവിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും വിലവിവരപ്പട്ടിക കടകളിൽ പ്രദർശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഭക്ഷ്യവിഷബാധ തടയാനും സംയുക്ത പരിശോധന നടത്തും. വനം വകുപ്പിന്റെ കീഴിൽ പമ്പ-ശബരിമല ഓഫ് റോഡ് ആംബുലൻസ് തീർഥാടകർക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും സേവനം ഉറപ്പുവരുത്തുമെന്നും ഇടത്താവളങ്ങളിൽ മെഡിക്കൽ യൂണിറ്റിനെ നിയോഗിക്കുമെന്നും പറഞ്ഞു.

Leave a Reply