മകരസംക്രമ പൂജ 14 ന് ഉച്ചയ്ക്ക് 2. 29 ന്. മകരജ്യോതി 14 ന് വൈകുന്നേരം
ഭക്തർക്ക് മകരജ്യോതി ദർശിക്കാൻ സുരക്ഷിത കേന്ദ്രങ്ങൾ ക്രമീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
പ്രാസാദ–ബിംബ ശുദ്ധിക്രിയകൾ 12 നും 13 നും.
മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധി ക്രിയകൾ 12 നും 13 നുമായി നടക്കും. 12 ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയ ആണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.
ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്.
അന്നേ ദിവസം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിൽ പോലീസിൻ്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും.
14 ന് ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ്തേങ്ങകൾ ശ്രീകോവിലിനുള്ളിൽ വച്ച് ഉടച്ച ശേഷം , തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്തു നടത്തുന്ന പൂജയാണ് മകരസംക്രമപൂജ. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര തിരുനട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും.
തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിലേക്കുള്ള പുറപ്പാട്. ശരംകുത്തിയിൽ വച്ച് ആചാരാനുഷ്ഠാന പ്രകാരമുള്ള സ്വീകരണത്തിനു ശേഷം കൊണ്ടുവരുന്ന തിരുവാഭരണ പേടകം പതിനെട്ടാം പടിക്കു മുകളിൽ കൊടിമരത്തിന് മുന്നിലായി ദേവസ്വം മന്ത്രി, ദേവസ്വം പ്രസിഡൻ്റ്, അംഗങ്ങൾ, ദേവസ്വം കമ്മീഷണർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എന്നിവർ ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനു മുന്നിലേക്ക് കൊണ്ടു പോകും.
ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന 6.30ന് നടക്കും.
ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. രാത്രിയോടെ മണി മണ്ഡപത്തിൽ നിന്നുള്ള എഴുന്നെളളത്തിനും തുടക്കമാകും.
ജനുവരി11 ന് ആണ് എരുമേലി പേട്ടതുള്ളൽ. 12 ന് ‘ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
ജനുവരി 14 ന് സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് 2022. ലെ ഹരിവരാസനം പുരസ്കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിന് സമ്മാനിക്കും. റാന്നി എംഎൽഎ പ്രമോദ് നാരായണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി.കെ.രാധാകൃഷ്ണൻ ഹരിവരാസനം പുരസ്കാരം വിതരണം ചെയ്യും.ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ ചടങ്ങിൽ സ്വാഗതമരുളും. ആൻ്റോ ആൻ്റണി എം.പി, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം വകുപ്പ് സെക്രട്ടറി ജ്യോതിലാൽ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
തുടർന്ന് ആലപ്പി രംഗനാഥും ശിഷ്യൻമാരായ പിന്നണീ ഗായകരും ചേർന്ന് സ്റ്റേജിൽ ഭക്തിഗാനമേള അവതരിപ്പിക്കും.
അന്നേ ദിവസം പ്രശസ്ത ഗായകൻ വീരമണി രാജുവും സംഘവും അവതരിപ്പിക്കുന്ന
ഭക്തിഗാനാമൃതവും വേദിയിൽ നടക്കും.