
2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ എത്തുന്നത്. ജസ്‌റ്റീസുമാരായ കൃഷ്‌ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. അന്തിമവാദം എന്നാണ് സുപ്രീം കോടതി വെബ് സെറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാരണം കേസിന്റെ നടപടികൾ നേരത്തെ നീണ്ടു പോയിരുന്നു. ദേവപ്രശ്നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാൽ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് തടയണമെന്നും ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണ് കൊട്ടാരത്തിന്റെ വാദം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ തിരുവാഭരണത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.