യാനങ്ങൾക്ക് സുരക്ഷിതപാത; അഴീക്കോട് പുലിമുട്ട് നിർമ്മാണം പൂർത്തിയായി
മത്സ്യബന്ധന യാനങ്ങൾക്ക് സുരക്ഷിത പാതയൊരുക്കി അഴീക്കോട് മുനക്കൽ ബീച്ചിൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായി. കടലിലേയ്ക്ക് നീണ്ട് പരന്നുകിടക്കുന്ന വിധം നിർമ്മിച്ച പുലിമുട്ട് അഴിമുഖത്തെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. നിർമ്മാണം പൂർത്തിയായതോടെ മുനയ്ക്കൽ ബീച്ചിൽ മണൽ നിറഞ്ഞ് വിസ്തൃതി ഏറുകയും സംസ്ഥാനത്ത് തന്നെ ഏറ്റവും വിസ്തൃതിയേറിയ ബീച്ച് രൂപാന്തരപ്പെടുകയും ചെയ്തു.
അഴീക്കോട് അഴിമുഖത്തെ മണൽത്തിട്ടയിൽ നിന്നും സംരക്ഷിക്കുന്നതിനായി 2020ലാണ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് പുലിമുട്ട് നീളം കൂട്ടുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തീരദേശ വികസന പദ്ധതിയിൽപ്പെടുത്തി 10.50 കോടി രൂപ ചെലവിട്ടാണ് പുലിമുട്ട് നിർമ്മിച്ചത്. 25 വർഷത്തേയ്ക്ക് ഉപകാരപ്രദമാകുന്ന നിലയിലാണ് നീളം കൂട്ടിയത്. മുനമ്പം സബ് ഡിവിഷനായിരുന്നു അഴീക്കോട് ഭാഗത്തെ നീളം വർധിപ്പിക്കൽ പ്രവൃത്തികളുടെ ചുമതല.
30 വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ പുലിമുട്ടിന്റെ ഒരുഭാഗത്ത് 90 ശതമാനം മണൽപ്പരപ്പ് നിറഞ്ഞതോടെ അതിവേഗം അഴിമുഖം മണൽത്തിട്ടയായി മാറുമെന്ന് കണ്ടെത്തി. തുടർന്ന് ചെന്നൈയിലും പൂനെയിലും ഉള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ വകുപ്പ് പുലിമുട്ടിന്റെ നീളം കൂട്ടാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്.
മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ കല്ലുകളും ടെട്രോപാഡുകളും ഉപയോഗിച്ചാണ് നിർമ്മാണം. അടിഭാഗത്തേക്ക് 40 മീറ്റർ വീതിയിൽ വലിയ കരിങ്കല്ലുകൾ നിരത്തി അതിന് മുകളിലേയ്ക്ക് വ്യത്യസ്ത ഭാരത്തിലുള്ള കല്ലുകളും നിരത്തി. മുകൾഭാഗത്ത് സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ച് പ്രത്യേകമായി നിർമ്മിച്ച നാല് കാലുകളിലായി ടെട്രോപോഡുകളും നിരത്തി. 6025 ടെട്രോപാഡുകൾ ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയാണ് പ്രധാന ആകർഷണം.
നിലവിൽ 625 മീറ്റർ നീളമുണ്ടായിരുന്ന പുലിമുട്ട് 130 മീറ്റർ കൂടി കൂട്ടിയതോടെ 750 മീറ്ററോളം കടലിലേക്ക് നടന്നു കയറാൻ സാധിക്കും. ടൂറിസ്റ്റുകളെ ആകർഷിക്കും വിധമുള്ള സൗന്ദര്യ സംവിധാന പ്രവർത്തികൾ പരിഗണനയിലാണെന്ന് ഹാർബർ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം കെ സജീവൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി വി പാവന എന്നിവർ പറഞ്ഞു.