Spread the love

ബിഗ് ബോസ് ഫൈവിലെ മികച്ച മത്സരാർത്ഥി എന്ന നിലയിലും കുരുതി, കാസർഗോൾഡ്, ജനഗണമന, ജോ& ജോ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായിട്ടുണ്ടെങ്കിലും തട്ടീം മുട്ടീം എന്ന സിറ്റ് കോം ആണ് മലയാളികളെ സംബന്ധിച്ചിടത്തോളം സാഗർ സൂര്യയെ പ്രിയങ്കരനാക്കി മാറ്റിയത്. മലയാളത്തെ വിട്ടകന്ന അനുഗ്രഹീത കലാകാരി കെപിഎസി ലളിതയും കുറുമ്പുകരി മരുമകളായി മഞ്ജു പിള്ളയും തകർത്തഭിനയിച്ച സീരിയലിൽ കൊച്ചുമകൾ മീനാക്ഷിയുടെ വരാനായായിരുന്നു സാഗർ സൂര്യയുടെ കഥാപാത്രം. ഏറ്റവും ഒടുവിലിതാ നടൻ ജോജു ജോർജ് ആദ്യമായി സംവിധാന വേഷമിട്ട ‘പണി’യിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കഥാപാത്രം ചെയ്ത് ഒരേസമയം മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രശംസ നേടിയെടുത്തിരിക്കുകയാണ് താരം.

ബിഗ് ബോസ് ഫൈവിൽ പലരും വീണപ്പോഴും സാഗർ സൂര്യയെ പ്രേക്ഷകർ വളരെയധികം പിന്തുണച്ചിരുന്നു. താരത്തിന്റെ നന്മയും അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ നിന്നും വിട്ടകന്ന അമ്മയോടുള്ള അമിത സ്നേഹവുമൊന്നും ബിഗ്ബോസ് ചുവരുകൾക്കുള്ളിൽ പ്രേക്ഷകരുടെ വോട്ട് നേടാനുള്ള വെറും ഐഡിയകൾ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്റെ പ്രവർത്തിയിപ്പോൾ.

അമ്മയുടെ വിയോഗത്തെക്കുറിച്ചും അമ്മയോടുള്ള തന്റെ ഭ്രാന്തമായ സ്നേഹത്തെക്കുറിച്ചുമെല്ലാം പല കുറി താരം ഷോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം താരം ആദ്യം ചെയ്തതും തന്റെ എല്ലാമെല്ലാമായ അമ്മയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. തന്റെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ഒരു സ്ത്രീക്ക് വീട് വച്ച് കൊടുക്കണം, അവർക്ക് മഴ പെയ്യുമ്പോൾ വെള്ളം വീഴാത്തൊരു വീട്, എന്നത് തന്റെ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ തന്നെ സാ​ഗർ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് വൈകാതെ പൂർത്തീകരിച്ചത്.

‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്‌, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട്‌ ചേച്ചിക്ക്‌ വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ..’ എന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് അന്ന് സാഗർ കുറിച്ചത്.

Leave a Reply