കുത്തേറ്റ സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മുംബൈയിൽ നടന്ന നെറ്റ്ഫ്ലിക്സ് പരിപാടിയിൽ പങ്കെടുത്ത താരം ഡെനിം ഷർട്ടും പാന്‍റുമാണ് ധരിച്ചിരുന്നത്. കൈയ്യില്‍ ബാന്‍റേജ് അടക്കം ഉണ്ടായിരുന്നു.
നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെയ്ഫ്. ജയ്ദീപ് അഹ്ലാവത്താണ് സിനിമയിലെ സെയ്ഫിന്‍റെ സഹതാരം.
നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി നിർമ്മാതാക്കൾ തിങ്കളാഴ്ച ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്‍റെ 2025-ലെ ഇന്ത്യന്‍ പ്രോജക്ടുകളില്‍ പ്രധാനപ്പെട്ട ചിത്രമാണ് ജ്യൂവൽ തീഫ്. പത്താൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജയ്ദീപ് അഹ്‌ലാവത്ത് മുമ്പൊരിക്കലും കാണാത്ത വില്ലന്‍ വേഷത്തിലാണ് ട്രെയിലറില്‍ കാണുന്നത്. സെയ്ഫ് അലി ഖാനുമായുള്ള താരത്തിന്‍റെ ആദ്യത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിന്‍റെ ജാനെ ജാനിൽ അദ്ദേഹം മുമ്പ് കരീന കപൂറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയ്ദീപ് അഭിനയിച്ച ആമസോണ്‍ സീരിസ് പാതാള്‍ ലോക് വന്‍ വിജയമാണ്.
ജനുവരിയിൽ സെയ്ഫ് അലി ഖാന്‍ വീട്ടില്‍ വച്ച് ആക്രമണത്തെ ഇരയായ ശേഷം പ്രഖ്യാപിക്കപ്പെടുന്ന ആദ്യ പ്രൊജക്റ്റാണ് ജൂവൽ തീഫ്. മോഷണശ്രമത്തിനിടെ ഒരാള്‍ അഞ്ച് തവണ കുത്തേറ്റതിന് ശേഷം നടന് ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.