സീരിയൽ താരം ശബരീനാഥിന്റെ വിയോഗം ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് 45–ാം വയസ്സിലാണ് ശബരീനാഥ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു. ശബരീനാഥിന്റെ അടുത്ത സുഹൃത്തും നടനുമായ സാജൻ സൂര്യ ആ ദിവസത്തെ വേദനയോടെ മാത്രമാണ് എന്നും ഓർമിക്കുക. ശബരിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
എംജി കോളജിലാണ് ശബരിയും ഞാനും പഠിച്ചത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവൻ ഡിഗ്രിക്ക് ആയിരുന്നു. ആ സമയത്ത് പരസ്പരം അറിയാം എന്നതിലപ്പുറം സൗഹൃദം ഒന്നുമില്ലായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. 2006–07 കാലഘട്ടത്തിൽ നിർമാല്യം എന്നൊരു സീരിയൽ ചെയ്തു. അതിൽ ഞാൻ നായകനും അവൻ വില്ലനും ആയിരുന്നു. ആ സെറ്റിൽവച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതും ശക്തമാകുന്നതും. നന്നായി കുടംബം നോക്കുന്ന ഒരാളായിരുന്നു ശബരി. ആരെയെങ്കിലും സഹായിക്കാൻ സമയമോ സാഹചര്യമോ ഒന്നും ശബരിക്ക് പ്രശ്നമല്ല. ഞാൻ വീട്ടിലില്ലാത്ത സാഹചര്യത്തിൽ പെട്ടെന്നൊരു ആവശ്യം വന്നാൽ ഓടിയെത്തുന്ന ആൾ അവനായിരിക്കും. തിരിച്ചും അങ്ങനെ ആയിരുന്നു.
ശബരിയുടെ മരണത്തിനുശേഷം നിരവധി വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. അതിനും മറുപടി നൽകുന്നുണ്ട് സാജൻ. ആരോഗ്യസംരക്ഷണത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. ബാഡ്മിന്റൻ കളിച്ചതുകൊണ്ടാണ് ശബരി മരിച്ചതെന്ന് മറ്റുചിലർ പറഞ്ഞു. അതുകൂടാതെ മറ്റുചില വ്യാജപ്രചരണങ്ങളും ഉണ്ടായി. ശബരിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഓഗസ്റ്റിൽ ചെക്കപ്പ് പറഞ്ഞിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്നു കരുതി ആ ചെക്കപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ അകത്ത് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിന് മുമ്പ് അവൻ പോയി. ഈ അവസ്ഥയിൽ ഉള്ളയാൾ ബാഡ്മിന്റൻ കളിക്കാൻ പാടില്ലായിരുന്നു. അല്ലാതെ ബാഡ്മിന്റൻ കളിച്ചതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണെന്നും സാജൻ പറയുന്നു.