
കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. മരിച്ച യുവാവിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ് പിടികൂടിയത്. കർണാടകത്തിലെ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് വെച്ചാണ് അർഷാദ് പിടിയിലായത്.
മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ രാമനാട്ടുകര വരെ പ്രതിയുടെ ഫോണിൻ്റെ സിഗ്നൽ പോലീസിനു ലഭിച്ചിരുന്നു. ഇതിനുശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫാക്കി. വടക്കൻ കേരളത്തിലേക്ക് ഇയാൾ രക്ഷപ്പെട്ടുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കാസർകോട് നിന്നു അർഷാദിനെ പോലീസ് പിടികൂടിയത്.
ഇന്നലെ വൈകുന്നേരമാണ് ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൻ്റെ 16-ാം നിലയിലെ മുറിയിൽ യുവാവിൻ്റെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഫ്ലാറ്റ് പൂട്ടി അർഷാദ് കടന്നുകളയുകയായിരുന്നു. സജീവിൻ്റെ കൊലപാതകത്തിൽ അർഷാദിനു വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.