ആവേശത്തിലെ അംബാനായും രോമാഞ്ചത്തിലെ നിരൂപേട്ടനായും ജാനേ മന്നിലെ ഗുണ്ടാ സജിയായുമൊക്കെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആളാണ് സജിൻ ഗോപു. ഏറ്റവും ഒടുവിൽ സജിൻ ഗോപുവിന്റേതായി തിയേറ്ററിൽ എത്തിനിൽക്കുന്ന പടമാണ് പൊന്മാൻ. നടൻ ബേസിലിനൊപ്പം ഗംഭീര പ്രകടനമാണ് സജിൻ ഗോപു ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ പൊന്മാനെ കുറിച്ച് നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബർ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ സജിൻ ഗോപു.
നെഗറ്റീവ് റിവ്യൂകൾക്കെതിരെയുള്ള ചോദ്യത്തിന് ‘അവർക്ക് പടം കണക്ട് ആകാത്തത് കൊണ്ടാകും അവർ അങ്ങനെ പറഞ്ഞത്. ബാക്കി റിവ്യൂസ് എല്ലാം അത്യാവശ്യം പോസിറ്റീവ് ആണ്. മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. സിനിമ നല്ലതാണെങ്കിൽ ആളുകൾ പോയി കാണും. ഞാൻ സിനിമകൾ കാണുന്നത് ഈ റിവ്യൂസ് ഒന്നും കണ്ടിട്ടല്ല. ഈ പറയുന്ന യുട്യൂബറിന് ചിലപ്പോൾ സിനിമ കണക്ട് ആയി കാണില്ല. ഇങ്ങനത്തെ ഒരു സിസ്റ്റം മനസിലാക്കാത്ത ആളായിരിക്കും. ചിലപ്പോൾ അവർ സ്ത്രീധനം വാങ്ങിയാകും കല്യാണം കഴിച്ചിരിക്കുന്നത്. ഇങ്ങനെ ഒക്കെ ഉള്ള പ്രശ്നങ്ങളായിരിക്കാം അയാൾക്കെന്ന് ഞാൻ വിശ്വസിക്കുന്നു. ആര് സിനിമയെ കുറിച്ച് മോശമായി പറഞ്ഞാലും സിനിമ നല്ലതാണെങ്കിൽ ആളുകൾ തിയറ്ററിൽ പോയി അത് കാണും’, എന്നാണ് സജിൻ ഗോപു പറഞ്ഞത്.