Spread the love

‘ നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്’.
വയനാട് ഉരുൾപൊട്ടൽദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട് നിസ്സഹായരായി മാറിയ ഒരു പറ്റം മനുഷ്യർക്കായി കൈമറന്ന് ഒന്നിച്ച് അധ്വാനിക്കുകയാണ് വേർതിരിവുകൾക്കപ്പുറം മലയാളികൾ. ആളായായും മനസായും കരുതലായും തണലായും കൂടെയുണ്ടെന്ന് പരസപരം ഓർമിപ്പിക്കുന്ന നാളുകൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന രീതിയിൽ സംഭാവന ചെയ്യാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനുമായുള്ള പരിശ്രമത്തിലാണ് പലരും.

ഇതോടൊപ്പം തന്നെ ചേർത്തഭിനന്ദിക്കേണ്ട ഒരു കൂട്ടം മനുഷ്യരുണ്ട്. സൈന്യവും പൊലീസും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉടലും ഉയിരും പണയം വെച്ചുള്ള ഇവരുടെ പ്രയത്നം ഇല്ലായിരുന്നെങ്കിൽ പല ജീവനും തിരിച്ചുപിടിക്കാനും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും സാധിക്കുമായിരുന്നില്ല. ഇത്തരത്തിൽ കട്ടച്ചെളിയും വലിയ പാറക്കല്ലുകളും നിറഞ്ഞ ദുരന്തഭൂമിയില്‍ ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ അഭിനന്ദിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തിന് ബിഗ് സല്യൂട്ട് എന്ന് താരം എക്സ് അക്കൗണ്ടില്‍ കുറിച്ചു.

”വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുന്നില്‍ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്” മോഹന്‍ലാല്‍ കുറിച്ചു.

Leave a Reply