തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ താരം പടുത്തുയർത്തിയ ജീവിത വിജയങ്ങൾക്ക് താരത്തിന്റെ ആരാധകർ എന്നും കൈയടിച്ചിട്ടുണ്ട്. ഇത്തരത്തിൽ തനിക്ക് ഏറെ സാമ്പത്തിക നേട്ടമുണ്ടാകുന്ന കാര്യമായിട്ടും നിലപാടിന്റെയും വ്യക്തിത്വത്തിന്റെയും പേരിൽ താൻ വിട്ടുകളഞ്ഞ പരസ്യങ്ങളെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒരു സമയത്ത് ഇൻഡസ്ട്രിയിലെ താരങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത് വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളും മറ്റുമായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 15 ഓളം ബ്രാൻഡുകളുടെ എൻഡോഴ്സ്മെന്റ് താൻ ഒഴിവാക്കിയിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള എൻഡോഴ്സ്മെന്റ് തന്നിലേക്ക് വരുകയാണെങ്കിൽ മിനിമം 3 ഡോക്ടേഴ്സിനോടെങ്കിലും സംസാരിച്ച് പ്രോഡക്ടിനെ കുറിച്ച് ഉള്ള ഗുണമേന്മ ഉറപ്പിച്ചതിനുശേഷം മാത്രമേ താൻ സഹകരിക്കാറുള്ളു വെന്നും സാമന്ത പറഞ്ഞു.
‘ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോൾ എത്ര പ്രൊജക്ടുകൾ നിങ്ങളിലേക്ക് വന്നു, എത്ര ബ്രാൻഡുകൾ നിങ്ങൾ എൻഡോഴ്സ് ചെയ്യുന്നു, എത്ര ബ്രാൻഡുകൾക്ക് അവരുടെ പ്രൊഡക്ടിന്റെ മുഖമായി നിങ്ങൾ വേണം എന്നതായിരുന്നു വിജയത്തിന്റെ സിംബൽ ആയി പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ വലിയ ബ്രാൻഡുകൾ അവരുടെ മുഖമായി എന്നെ പരിഗണിക്കുന്ന സമയത്ത് എനിക്ക് അവരോട് ചോദിക്കാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതെന്റെ പ്രശസ്തിയായാണ് ഞാൻ കണ്ടിരുന്നത്. ഇതാണ് വിജയം എന്നാണ് എന്റെ ചുറ്റുമുള്ളവർ പറഞ്ഞത്. ഇതാണ് ഞാൻ വിജയിച്ചു എന്നതിന്റെ തെളിവ് എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. മാത്രമല്ല ഏറെക്കാലം ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഞാൻ കഴിക്കുകയും ചെയ്തിട്ടുണ്ട്’.
‘എന്റെ ഇരുപതുകളിൽ ഞാൻ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കൂടുതൽ തെറ്റുകളിലേക്ക് പോകാൻ സാധിക്കില്ല. എന്റെ ശരീരത്തോട് ഞാൻ എന്താണ് ചെയ്തത് എന്നതിൽ പഴയ ഞാൻ ഇന്നത്തെ എന്നോട് മാപ്പ് ചോദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് എന്നെ പിന്തുടരുന്ന പുതിയ ജനറേഷനിലെ ആളുകളോട് ഇത് ചെയ്യരുത് എന്നാണ് ഞാൻ പറയുന്നത്. നിങ്ങളുടെ 20 കളിൽ നിങ്ങൾക്ക് വളരെയധികം എനർജിയുണ്ടാവും എല്ലാത്തരം ഭക്ഷണവും നിങ്ങൾ കഴിക്കും. ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങൾ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ഞാൻ പഠിച്ചത്’.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്ന ആ എൻഡോഴ്സ്മെന്റുകളെല്ലാം കുറേ നാൾ മുമ്പുള്ളതാണ്. കഴിഞ്ഞ വർഷം മാത്രം ഞാൻ വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാൻഡുകളാണ്. ഒപ്പം അവർ ഓഫർ ചെയ്ത കോടി കണക്കിന് രൂപയും. ഇപ്പോൾ ഞാൻ അത്തരം പരസ്യങ്ങൾ ചെയ്യുന്നില്ല. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള എൻഡോഴ്സ്മെന്റ് എന്നിലേക്ക് വരുകയാണെങ്കിൽ മിനിമം 3 ഡോക്ടേഴ്സിനോടെങ്കിലും ഞാൻ അതിനെക്കുറിച്ച് പരിശോധിക്കും. 15 ലധികം ബ്രാൻഡുകളെ ഞാൻ ഉപക്ഷിക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്തിട്ടുണ്ട്’, സാമന്ത പറഞ്ഞു.