തെന്നിന്ത്യൻ സിനിമ പ്രേമികൾ വളരെയധികം ആഘോഷിച്ച ഒരു താര ജോഡി ആയിരുന്നു സാമന്തയും നാഗ ചൈതന്യയും. ഒന്നായി ചേരാൻ വിധിക്കപ്പെട്ടവർ എന്ന് പലരും പൊതുവേ വിലയിരുത്തിയിരുന്ന ഈ ജോഡി പക്ഷേ വെറും മൂന്ന് വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിയുകയായിരുന്നു.
സാമന്തയുമായി വേർപിരിഞ്ഞ ശേഷം നടൻ നാഗചൈതന്യ നടി ശോഭിത ദുലിപാലയുമായി ബന്ധത്തിലാണെന്ന് വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഇരുവരും തെന്നി മാറുകയായിരുന്നു അന്നത്തെ പതിവ്. എന്നാൽ ഇരുവരുടെയും ബന്ധത്തെ സംബന്ധിച്ച് ആരാധകർ ഉന്നയിച്ച ചോദ്യങ്ങൾ എല്ലാം ശരിവയ്ക്കുന്ന തരത്തിൽ കുടുംബത്തിന്റെ പിന്തുണയോടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്ന കാഴ്ചയാണ് പിന്നെ പ്രേക്ഷകർ കണ്ടത്.
സാമന്തയുമായുള്ള നാഗ ചൈതന്യയുടെ വിവാഹ തകർച്ചയിൽ കാരണം ശോഭിതയാണെന്നടക്കമുള്ള ഗോസിപ്പുകൾ എന്റർടൈൻമെന്റ് മേഖലയിൽ ഇപ്പോൾ നിറയുകയാണ്. ഈ അവസരത്തിലാണ് നാഗയും സാമന്തയുമായുള്ള വേർപിരിയലിന് തൊട്ടുമുൻപ് തന്നോട് പങ്കുവെച്ചത് എന്ന തരത്തിലുള്ള നിർമ്മാതാവിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
2023-ൽ സാമന്ത അഭിനയിച്ച “ശാകുന്തളം” എന്ന ചിത്രം സംവിധാനം ചെയ്തത് ഗുണശേഖറാണ്. അദ്ദേഹത്തിന്‍റെ മകൾ നീലിമ ഗുണ ചിത്രത്തിന്‍റെ സഹനിർമ്മാതാവായിരുന്നു. 2021-ൽ, സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങൾക്കുമുമ്പാണ് ശാകുന്തളം പ്രൊജക്ടിനായി ഇവര്‍ സാമന്തയെ സമീപിച്ചത്. കഥ ചർച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരിട്ട് കണ്ടു. സാമന്തയ്ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാൽ ജൂലൈയ്ക്കും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നാണ് സാമന്ത അഭ്യർത്ഥിച്ചത്. അതിനു ശേഷം തനിക്ക് ഭർത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തിൽ സെറ്റിലാകണം എന്നും സാമന്ത പറഞ്ഞതായി നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി.
എന്നാല്‍ ഡൈവോഴ്സിനെക്കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത്. അവസാന നിമിഷം വരെ ഈ ബന്ധത്തിനായി സാമന്ത നിന്നിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നുമാണ് നീലിമ പറഞ്ഞത്.