Spread the love
️‘പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി’; കൂടിക്കാഴ്ചയില്‍ പ്രതീക്ഷയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിലെ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമസ്ത. തീരുമാനത്തിനെതിരെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി എതിര്‍പ്പറിയിച്ചതായി സമസ്ത നേതാക്കള്‍ വ്യക്തമാക്കി. പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാവരുടേയും വികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലെ അപ്രായോഗികത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായും സമസ്ത നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംഘടനയുടെ 11 നേതാക്കളാണ് പങ്കെടുത്തത്. രാജ്യത്ത് എവിടെയും വഖഫ് ബോര്‍ഡ് നിയമനം മറ്റൊരു ബോര്‍ഡിനായി വിട്ടുകൊടുത്തിട്ടില്ലെന്ന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. കേരളം ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാല്‍ വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ അത് വലിയ പ്രത്യാഘാതം രാജ്യത്ത് സൃഷ്ടിക്കുമെന്നും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ മുന്നില്‍. സമസ്തയുടെ ഇരുവിഭാഗത്തെയും മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും സമരരീതികളെ ചൊല്ലി സമസ്ത ഇകെ വിഭാഗവും മുസ്ലിംലീഗും തമ്മിലുണ്ടായ അഭിപ്രായഭിന്നതയും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കി.

എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തേ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പോടെ രംഗം ശാന്തമാകുകയായിരുന്നു. അതിനിടെയാണ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വഖഫ് മന്ത്രി വി അബ്ദുറഹ്മാന്റെ നിയമസഭയിലെ പ്രതികരണം. തുടര്‍ന്ന് വീണ്ടും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി മുസ്ലീം സംഘടനാനേതാക്കളുടെ യോഗം വിളിച്ചിരുന്നത്.

Leave a Reply