മലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വർമയും. മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ തുടങ്ങിയ പ്രണയ ചിത്രങ്ങളിലൂടെ ഇരുവരും യഥാർത്ഥ ജീവിതത്തിലും അടുക്കുകയായിരുന്നു. രണ്ടാം വരവിൽ മലയാളികൾക്ക് ഇനി മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത നടന്മാരിൽ ഒരാളായി ബിജു മേനോൻ മാറിയപ്പോൾ സംയുക്ത വിവാഹശേഷം സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇരുവർക്കും ദക്ഷ് ധാർമിക് എന്നൊരു കൗമാരക്കാരനായ മകനുമുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും അന്നും ഇന്നും ഒരുപോലെ ആരാധിക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെ സംയുക്തയ്ക്കുണ്ട്. ഇരുവരുടെയും രസകരമായ പ്രണയത്തെ കുറിച്ചും ബിജുമേനോൻ തന്റെ ഭാവി വരൻ ആകുമെന്ന് അറിയാതെ താൻ മറ്റു ചിലരോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചും പറയുകയാണ് നടി. വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ വിവാഹത്തിന് പിന്നാലെ ബിജു മേനോനും സംയുക്തയും കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
“ബിജുവേട്ടൻ സിനിമയിൽ വന്നതിനു ശേഷം ആയിരുന്നു അത്. പ്രണയവർണ്ണങ്ങൾ റിലീസ് ചെയ്ത ശേഷം ഞങ്ങളുടെ കോളേജ് ആർട്സ് ഫെസ്റ്റിവൽ നടന്നപ്പോൾ, ഞാൻ അദ്ദേഹത്തെ അതിനു ക്ഷണിക്കാൻ വേണ്ടി വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത്, “എനിക്ക് വരാൻ കഴിയില്ല” എന്നായിരുന്നു. അപ്പോൾ ഞാൻ കരുതി, ഇയാൾക്ക് ഭയങ്കര ജാഡ ആണല്ലോ എന്ന്. ആ സമയത്ത്, ഞാൻ എന്റെ സുഹൃത്തുക്കളോടും മറ്റുള്ളവരോടും ഇതേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. “ഈ ബിജു മേനോൻ എന്തൊരു ജാഡയാണ്” എന്നൊക്കെ ആണ് ഞാൻ അന്ന് പറഞ്ഞത്. ആ സമയത്ത്, ഞാൻ അദ്ദേഹത്തെ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് ഭയങ്കരമായി ക്രിട്ടിസൈസ് ചെയ്തിരുന്നു” എന്നാണ് സംയുക്ത വർമ്മ വെളിപ്പെടുത്തിയത്. വിവാഹത്തിന് മുൻപ് താനും ബിജുവും എല്ലാ കാമുകീ കാമുകന്മാരെ പോലെ വഴക്കിട്ടിട്ടുണ്ടെന്ന് ആയിരുന്നു ആ വിഡിയോയിൽ സംയുക്ത പറയുന്നു.
അതേസമയം വർഷങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ വീണ്ടും വൈറലായതോടെ കമെന്റുകളുമായി ഇരുവരുടെയും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. “ഭാവി ഭർത്താവ് ആണെന്ന് അറിയാതെ ആണല്ലേ ജാഡയാണെന്നു പറഞ്ഞത്” എന്നാണ് ആരാധകർ ഈ വീഡിയോയ്ക്ക് താഴെ സംയുക്തയോട് ചോദിക്കുന്നത്.







