ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം പൊൻമാനെ പ്രശംസിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് സഞ്ജു പ്രശംസ അറിയിച്ചത്. ബേസിൽ ജോസഫിന്റെ ഒരു ചിത്രവും എനിക്ക് മിസ് ചെയ്യാൻ പറ്റില്ല എന്നാണ് സഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിന് പിന്നാലെ സഞ്ജുവിന് നന്ദി അറിയിച്ച് ബേസിലും എത്തി.
മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ‘പൊൻമാൻ’. മലയാള സിനിമയ്‌ക്ക് അടിക്കടി ഹിറ്റുകൾ സമ്മാനിക്കുന്ന ബേസിലിനെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. നേരത്തെ, പൊൻമാന്റെ വിജയത്തിൽ ആശംസകൾ അറിയിച്ച് ടൊവിനോ പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. അഭിനന്ദനങ്ങളെന്നും ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടി വരട്ടെയെന്നുമാണ് ടൊവിനോ കുറിച്ചത്. ഇതിന് മറുപടിയായി രസകരമായ കമന്റും ബേസിൽ കുറിച്ചു.
‘തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. ‘സൗഹൃദത്തിന് വില പറയുന്നോടാ’ എന്ന് തൊട്ടുപിന്നാലെ ടൊവിനോയും കുറിച്ചു. ബേസിൽ നായകനാവുന്ന മരണമാസ് എന്ന ചിത്രം നിർമിക്കുന്നത് ടൊവിനോയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബേസിലിന്റെ കമന്റ്.