കേരളത്തില്‍ നിന്ന് കളിച്ചുവളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാറിയ സഞ്ജു സാംസണ് 27-ാം ജന്മദിനം. ടോപ് ഓര്‍ഡറിലെ ഭയരഹിതനായ ബാറ്റ്‌സ്മാന്‍ എന്നാണ് വിരാട് കോഹ്ലി സഞ്ജുവിനെ വിശേഷിപ്പിച്ചത്. 2015 ജൂലൈ 19ന് ഹരാരെയില്‍ സിംബാബ്‌വെയ്ക്ക് എതിരെയാണ് ടി20യില്‍ സഞ്ജു ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലില്‍ 1,000 റണ്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍, രഞ്ജി ട്രോഫി ടീമില്‍ ക്യാപ്റ്റനായ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നിങ്ങനെ നിരവധി ബഹുമതികള്‍ സഞ്ജുവിന്റേതായുണ്ട്. 2013 ഐപിഎല്ലിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്.കെ നായര്‍ പുരസ്‌കാരവും സഞ്ജു സ്വന്തമാക്കി.