Spread the love

അല്ലു അർജുൻ നായകനായെത്തിയ പുഷ്പാ 2 മലയാളികൾ അടങ്ങുന്ന പാൻ ഇന്ത്യൻ സിനിമാസ്വാദകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. അതുകൊണ്ടു തന്നെ മിക്കയിടങ്ങളിലും വൻ തിരക്കായിരുന്നു തിയറ്ററുകളിൽ അനുഭവപ്പെട്ടത്. ഇതിനിടെ വളരെ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവമായിരുന്നു ആദ്യ ഷോയ്ക്ക് ഇടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരി മരിച്ച സംഭവം. അല്ലുവിന്റെ അപ്രതീക്ഷിത തിയറ്റർ സന്ദർശനമാണ് സ്ഥിതി വഷളാവാനും യുവതിയുടെ മരണത്തിനും കാരണം എന്നാരോപിച്ച് മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി കഴിഞ്ഞ ദിവസം നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതിഷേധവുമായി സിനിമാ മേഖലയിലെ പ്രമുഖരും സാധാരണക്കാരും ഒരുപോലെ രംഗത്തെത്തുകയാണ്.

ഇത് ഇച്ചിരി കടന്നുപോയില്ലേ എന്നാണ് പൊതു ചോദ്യം. അല്ലുവിനെ വീടിനകത്ത് കയറി ബെഡ്‌റൂമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതുപോലൊരു സംഭവത്തില്‍ അല്ലു അര്‍ജുനെ മാത്രം കുറ്റം പറയാന്‍ എങ്ങനെ സാധിക്കും എന്നും പലരും ദേഷ്യത്തോടെ ചോദിക്കുന്നു. തെലുങ്കിലെ പ്രമുഖ താരങ്ങളും അല്ലു അര്‍ജുന് പിന്തുണയുമായി എത്തിയിരിയിരുന്നു. ചിരഞ്ജീവി, റാണ ദഗ്ഗുപതി തുടങ്ങിയ താരങ്ങള്‍ നടന്റെ വീട്ടിൽ നേരിട്ടെത്തിയായിരുന്നു കൂടെയുണ്ടെന്ന് ഉറപ്പുവരുത്തിയത്. താരങ്ങൾ നടന്റെ കുടുംബാംഗങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്തു.

സിനിമ താരങ്ങളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സര്‍ക്കാരും അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ഈ ആവേശം സാധാരണ പൗരന്മാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പുഷ്പ റിലീസിന്റെ അന്ന് സംഭവിച്ചത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ദുരന്തത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കുകയും കൂടുതല്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടത്. ഇവിടെ എല്ലാവരും തെറ്റുകാരാണ്, ഒരാളില്‍ മാത്രം കുറ്റം ആരോപിക്കാന്‍ പറ്റില്ലെന്നും നടന്‍ നാനി അല്ലുവിന്റെ അറസ്റ്റിനു പിന്നാലെ പ്രതികരിച്ചു.

അതേസമയം വസ്തുതകൾ നിരത്തി വിഷയത്തിൽ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എഴുതിയ കുറിപ്പും ആളുകൾ വലിയ ചർച്ചയാക്കിയിരുന്നു. ‘അല്ലു അര്‍ജുന്‍ജിയുടെ അറസ്റ്റില്‍ അപലപിക്കുന്നു. സിനിമയുടെ ആദ്യ ദിവസം ആദ്യ ഷോയ്ക്ക് ഇടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ (35 വയസ്സ്) മരിച്ചതിന് അല്ലു അര്‍ജുന്‍ജിയെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണ്? അല്ലു ആണോ ഈ സ്ത്രീയെ കൊന്നത്?.

ഒരു സ്ഥലത്ത് തിക്കും തിരക്കും നിയന്ത്രിക്കേണ്ടത് പോലീസിന്റെ ജോലി ആണ്. അല്ലു അര്‍ജുന് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു സംഭവത്തിനു അദ്ദേഹം എങ്ങനെ ഉത്തരവാദി ആവും? ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ എത്രയോ പേര് ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. എന്നുവെച്ച് ഏതെങ്കിലും നേതാക്കന്മാരെ അറസ്റ്റ് ചെയ്യാറുണ്ടോ?

റോഡിന്റെ ശോചനീയ അവസ്ഥ മൂലം എത്രയോ വാഹന അപകടങ്ങള്‍ ഉണ്ടാകുന്നു, എത്രയോ പേര് മരിക്കുന്നു. അതിന്റെ പേരില്‍ പൊതുമരാമത്ത്മന്ത്രിയുടെ പേരില്‍ കേസെടുക്കാറില്ലല്ലോ? (വാല്‍ കഷ്ണം… അല്ലു അര്‍ജുന്‍ ജി തിയേറ്റര്‍ സന്ദര്‍ശനം നടത്തുന്ന വിവരം രണ്ട് ദിവസം മുമ്പ് അധികൃതരെ അവര്‍ അറിയിച്ചിട്ടുണ്ട്. ബാക്കി തിരക്ക് നിയന്ത്രിക്കേണ്ട ചുമതല പോലീസിന് ആണ്) ബൈ സന്തോഷ് പണ്ഡിറ്റ് (ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ്)…’ എന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply