Spread the love
സന്തോഷ്‌ ട്രോഫി: കേരളം തയ്യാർ; ടീമിൽ 13 പുതുമുഖങ്ങൾ

കൊച്ചി
സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്‌ കേരള ടീം തയ്യാർ. പരിചയസമ്പത്തും യുവത്വവും ചേർന്ന 22 അംഗ ടീമിനെ എസ്‌ബിഐ താരം ജിജോ ജോസഫ്‌ നയിക്കും. ഡിസംബർ ഒന്നിന്‌ കൊച്ചിയിൽ തുടങ്ങുന്ന ദക്ഷിണ മേഖലാ മത്സരങ്ങൾക്കുള്ള ടീമിൽ 13 പുതുമുഖങ്ങളുണ്ട്‌.

മലപ്പുറത്തുനിന്നാണ്‌ കൂടുതൽ താരങ്ങൾ–-7. കേരള യുണൈറ്റഡ്‌ എഫ്‌സിയുടെ എട്ട്‌ കളിക്കാരുണ്ട്‌. അഞ്ചുപേർ അണ്ടർ 21 താരങ്ങളാണ്‌. കളത്തിൽ ഒരേസമയം മൂന്ന്‌ ജൂനിയർ കളിക്കാരെ ഇറക്കണമെന്ന നിബന്ധനയുണ്ട്‌. ക്യാപ്‌റ്റൻ ജിജോ, അർജുൻ ജയരാജ്‌, മുഹമ്മദ്‌ റാഷിദ്‌, പി അഖിൽ എന്നിവർ നയിക്കുന്ന മധ്യനിരയാണ്‌ ടീമിന്റെ കരുത്ത്‌. വിങ്ങിൽ കെ സൽമാനുമുണ്ട്‌. ഗോൾവല കാക്കുന്നത്‌ വിശ്വസ്തനായ വി മിഥുനാണ്‌. കർണാടകയ്‌ക്കും റെയിൽവേസിനും സന്തോഷ്‌ ട്രോഫി കളിച്ച മുന്നേറ്റക്കാരൻ എസ്‌ രാജേഷ്‌ ടീമിലുണ്ട്‌. ബിനോ ജോർജാണ്‌ പരിശീലകൻ. ടി ജി പുരുഷോത്തമൻ സഹപരിശീലകനും.

കോഴിക്കോട്‌ പരിശീലന ക്യാമ്പിലുണ്ടായിരുന്ന 60 പേരിൽനിന്നാണ്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വൈസ്‌ പ്രസിഡന്റ്‌ കെ എം ഐ മേത്തർ, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ടോം ജോസ്‌, ജനറൽ സെക്രട്ടറി പി അനിൽകുമാർ, ടീം സ്‌പോൺസറായ രാംകോ മാർക്കറ്റിങ് വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്‌ ജേക്കബ്‌ എന്നിവർ അന്തിമ ടീം പ്രഖ്യാപിച്ചത്‌. വിനോജ്‌ കെ ജോർജ്‌, പുരുഷോത്തമൻ, കെ എം അബ്‌ദുൽ നൗഷാദ്‌, കെ വി ധനേഷ്‌ എന്നിവരടങ്ങിയ സെലക്‌ഷൻ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

ടീം:?

ഗോൾകീപ്പർമാർ: വി മിഥുൻ (കണ്ണൂർ), എസ്‌ ഹജ്‌മൽ (പാലക്കാട്‌).

പ്രതിരോധക്കാർ: ജി സഞ്ജു (എറണാകുളം), മുഹമ്മദ്‌ ആസിഫ്‌ (മലപ്പുറം), വിബിൻ തോമസ്‌ (തൃശൂർ), അജയ്‌ അലക്‌സ്‌ (എറണാകുളം), മുഹമ്മദ്‌ സഹീഫ്‌ (മലപ്പുറം), മുഹമ്മദ്‌ ബാസിത്‌ (കോഴിക്കോട്‌).

മധ്യനിരക്കാർ: മുഹമ്മദ്‌ റാഷിദ്‌ (വയനാട്‌), ജിജോ ജോസഫ്‌ (തൃശൂർ), അർജുൻ ജയരാജ്‌ (മലപ്പുറം), പി അഖിൽ (എറണാകുളം), കെ സൽമാൻ (മലപ്പുറം), എം ആദർശ്‌ (കാസർകോട്‌), വി ബുജൈർ (മലപ്പുറം), പി എൻ നൗഫൽ (കോഴിക്കോട്‌), നിജോ ഗിൽബർട്ട്‌ (തിരുവനന്തപുരം), എൻ എസ്‌ ഷിഗിൽ (മലപ്പുറം).
മുന്നേറ്റക്കാർ: ടി കെ ജസ്റ്റിൻ (മലപ്പുറം), എസ്‌ രാജേഷ്‌ (തിരുവനന്തപുരം), മുഹമ്മദ്‌ സഫ്‌നാദ്‌ (വയനാട്‌), മുഹമ്മദ്‌ അജ്‌സൽ (കോഴിക്കോട്).

പരിശീലകസംഘം:

മുഖ്യപരിശീലകൻ: ബിനോ ജോർജ്‌
സഹപരിശീലകൻ: ടി ജി പുരുഷോത്തമൻ
ഗോൾകീപ്പർ പരിശീലകൻ: സജി ജോയി
ഫിസിയോ: മുഹമ്മദ്‌
മാനേജർ: മുഹമ്മദ്‌ സലീം

ഗ്രൂപ്പ്‌ ബി: കേരളം, പോണ്ടിച്ചേരി, ആൻഡമാൻ, ലക്ഷദ്വീപ്‌.

ഡിസംബർ 1: കേരളം x ലക്ഷദ്വീപ്‌ –-രാവിലെ 9.30
3: കേരളം x ആൻഡമാൻ –-രാവിലെ 9.30
5: കേരളം x പോണ്ടിച്ചേരി –-പകൽ 3.00
(മത്സരങ്ങൾ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ).

Leave a Reply