ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യ ഇനി സ്‌നേഹ സീമയിൽ. നിരവധി മലയാളികളുടെ സഹായത്തോടെ ഒരുങ്ങിയ സ്നേഹ സീമ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞു. ശരണ്യയെ സ്‌നേഹിക്കുന്ന നിരവധി പേർ കൈകോർത്താണ് ശരണ്യയ്ക്ക് വീടൊരുക്കിയതെന്ന് സീമ ജി നായർ പറഞ്ഞു.
തിരുവനന്തപുരം ചെമ്പഴന്തിയിലെ 1450 സ്‌ക്വയർ ഫീറ്റിലെ വീടാണ് ഇനിമുതൽ ശരണ്യയ്ക്ക് തണൽ. വർഷങ്ങൾ നീണ്ട ക്യാൻസർ പോരാട്ടത്തിൽ ഒരുപാട് പേർ ശരണ്യയ്ക്ക് താങ്ങായി. അതിൽ എടുത്ത് പറയേണ്ടത് നടി സീമ ജി. നായരുടെ പേരാണ്. കൂട്ടുകാരിയോ സഹോദരിയോ ഒക്കെയായി സീമ ശരണ്യയ്‌ക്കൊപ്പം ചേർന്നുനിന്നു. അതുകൊണ്ട് തന്നെ ശരണ്യയ്‌ക്കൊരുങ്ങിയ വീടിന്റെ പേരും തന്റെ ജീവിതത്തിൽ തണലായ സീമയുടേത് തന്നെയായി.
ആയിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടാണ് ആദ്യം പണികഴിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ശരണ്യയെ സ്‌നേഹിക്കുന്ന അമേരിക്കയിലുള്ള രണ്ട് കുടുംബങ്ങളാണ് ശരണ്യയ്ക്ക് അൽപം കൂടി വലിയ വീട് വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതും അതിനായുള്ള പണം നൽകുന്നതും. അങ്ങനെയാണ് 1400 സ്‌ക്വയർ ഫീറ്റിന്റെ ‘സ്‌നേഹ സീമ’ ഒരുങ്ങിയത്, സീമ ജി നായർ പറഞ്ഞു.