പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തു വരുന്നതിനെയും മോശം ആംഗിളുകളിൽ നിന്ന് വീഡിയോകൾ എടുത്ത് പോസ്‌റ്റ് ചെയ്യുന്നതിനെയും വിമർശിച്ച് നടിയും അവതാരകയുമായ ആര്യ. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നൊരു കാര്യമാണ്. എവിടെ നിന്നൊക്കെയാണ് ഇവർ വീഡിയോ എടുക്കുന്നതെന്നും എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും ആര്യ ചൂണ്ടിക്കാണിച്ചു.
ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണമെന്നും പറയുന്ന വാക്കുകളിൽ ജാഗ്രത പുലർത്തണമെന്നും ആര്യ പറഞ്ഞു. ഒരിക്കലും ആരും വീഡിയോ ഇട്ട ആളെ കുറ്റം പറയില്ലെന്നും പകരം അതിൽ കാണുന്നത് ആരെയാണോ അവരെയാകും വിമർശിക്കുകയെന്നും താരം ചൂണ്ടിക്കാട്ടി.
”സാരി ഉടുത്താൽ പോലും രക്ഷയില്ല. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്നത് എന്ന് പറയപ്പെടുന്ന വസ്ത്രമാണ് സാരി. ആ സാരിയിൽ പോലും ചില വീഡിയോസ് ഒക്കെ കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട്. സ്ഥിരമായി ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന ചില സഹതാരങ്ങൾ ഇതിനെ കുറിച്ച് പറയുന്നതും കേൾക്കാറുണ്ട്. സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്”, ആര്യ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ആര്യ ബഡായ്. മുകേഷ്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, തുടങ്ങിയവരോടൊപ്പം ഹിറ്റ് റിയാലിറ്റി ഷോ ആയ ബഡായ് ബംഗ്ലാവിലെ പ്രകടനത്തിലൂടെയാണ് ആര്യ കൂടുതൽ പ്രശസ്‍തയായതും ഈ പേര് ലഭിച്ചതും.