തിരുവനന്തപുരം: സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്ന് ജയിൽമോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ് നായർ.
സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താൻ ഒപ്പം പോയത്. സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്നും സന്ദീപ് നായർ പറഞ്ഞു. സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.