Spread the love

കോഴിക്കോട് : നഗരത്തിലെ വിനോദ കേന്ദ്രമായ സരോവരം ബയോ പാർക്കിലേക്കു മിനി ബൈപാസിൽ നിന്നു കയറാൻ ‘ജീവൻ’ പണയം വയ്ക്കണം. കനോലി കനാലിനു സമാന്തരമായി കിഴക്കു ഭാഗത്തു പാതയിലേക്കു 4 പതിറ്റാണ്ടു മുൻപ് നിർമിച്ച നടപ്പാലം അറ്റകുറ്റപ്പണി നടക്കാതെ കോൺക്രീറ്റ് അടർന്നു കമ്പി തുരുമ്പെടുത്തു അപകട ഭീഷണിയിലാണ്. സരോവരം ബയോ പാർക്കിലും പരിസരത്തും അറ്റകുറ്റപ്പണികളും നവീകരണവും നടത്താറുണ്ടെങ്കിലും നഗരത്തിൽ നിന്നു സരോവരത്തേക്കു വരാനുള്ള ഏക മാർഗമാണു തകർന്നു വീഴാറായി നിൽക്കുന്നത്.

2022 ഫെബ്രുവരിയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ‘കനാൽ സിറ്റി’ എന്ന പദ്ധതിയിൽ 1118 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് കനാൽ വികസനവും വിനോദ സഞ്ചാരത്തിനായി കനാലിൽ ഗതാഗതവും ലക്ഷ്യം വച്ചു പദ്ധതി പ്രഖ്യാപിച്ചിരുന്നു. കേരള വാട്ടർ വെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണു പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും കനാൽ സിറ്റി പദ്ധതിക്കു മെല്ലെപ്പോക്കാണ്. ഇക്കാരണത്താൽ സരോവരം പ്രധാന കവാടത്തിനു മുന്നിലെ നടപ്പാലവും തെക്കു വശം കളിപൊയ്കയ്ക്കു സമീപത്തെ ഇരുമ്പ് കൈപ്പാലവും അറ്റകുറ്റപ്പണി നടക്കാത്ത അവസ്ഥയിലാണ്.

അരയിടത്തുപാലം – എരഞ്ഞിപ്പാലം മിനി ബൈപാസിൽ നിന്നുള്ള ഈ നടപ്പാലം 10 വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. സരോവരത്ത് ജല അതോറിറ്റിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചപ്പോഴാണു നിർമാണ പ്രവൃത്തി നടത്തിയത്. 12 മീറ്റർ നീളമുള്ള പാലത്തിന്റെ ബലം വർധിപ്പിക്കാതെ നടപ്പാലത്തിനു ഉപരിതലത്തിലും സ്റ്റെപ്പിലും ഗ്രാനൈറ്റ് പതിച്ച് മോടി കൂട്ടുക മാത്രമാണ് ചെയ്തത്. നഗരത്തിൽ നിന്നു സരോവരം ബയോ പാർക്കിലേക്കു വരുന്നവർ ഈ നടപ്പാലമാണ് ഉപയോഗിക്കുന്നത്.

Leave a Reply