സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റിലിൽ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയെയും കാണാം. ഇതാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്
മോഹൻലാൽ അഭിനയിച്ച എമ്പുരാന്റെയും തുടരുമിന്റെയും സ്റ്റണ്ട് ഒരുക്കിയത് സ്റ്റണ്ട് സിൽവയായിരുന്നു. സിനിമകളിലെ ഫൈറ്റ് രംഗങ്ങളും തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലും കിടിലൻ സ്റ്റണ്ട് സീക്വൻസ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം, സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. ചിത്രത്തിൽ മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് എത്തുക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.