തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറെന്ന് അധ്യാപക സംഘടനകള്‍. വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി യോഗത്തെ അറിയിച്ചു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ മാസത്തില്‍ നടത്താനും തീരുമാനമായി. കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത്. ഉത്തരവില്‍ ഇക്കാര്യം കൂട്ടി ചേര്‍ക്കും. ഇതിനുപിന്നാലെയാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് അധ്യാപക സംഘടനകള്‍ യോജിപ്പറിയിച്ചത്.
വിമര്‍ശനങ്ങള്‍ ഉന്നയിച്ച അധ്യാപകര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല. മുഴുവന്‍ കുട്ടികളേയും ക്ലാസുകളിലെത്തിക്കാന്‍ അധ്യാപകര്‍ കൂടി ഇടപെടല്‍ നടത്തും. കുട്ടികളെ ക്ലാസുകളിലെത്തിക്കാനായി സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ തലത്തില്‍ യോഗം ചേരാനും തീരുമാനമായി. എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിനാല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ ആവശ്യമില്ലെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടികാട്ടി. ചോദ്യപേപ്പര്‍ തയ്യാറായതിനാല്‍ മാറ്റം സാധ്യമല്ലെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. മാര്‍ക്ക് കുറയുമെന്ന ആശങ്കകള്‍ പരിഹരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നത് പിന്നീട് ആലോചിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ മാര്‍ച്ച് അവസാനം വരെ തുടരും. അതിനാലാണ് ഈ ക്ലാസുകള്‍ക്ക് ഏപ്രിലില്‍ വാര്‍ഷിക പരീക്ഷ നടത്താന്‍ തീരുമാനമായത്.