
അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി സൗദി അറേബ്യ. സാധാരണ രീതിയിലുള്ള പാസ്‌പോര്‍ട്ടില്‍ നിന്ന് പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്കുള്ള മാറ്റത്തിന്റെ ആദ്യ ഘട്ടമാണ് പുതിയ ഇ പാസ്‌പോര്‍ട്ടിലൂടെ സാധ്യമായിരിക്കുന്നതെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍ സിഖാന്‍ അറിയിച്ചു. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പുതിയ ഇ പാസ്‌പോര്‍ട്ട് പ്രകാശനം ചെയ്തത്. വ്യക്തിയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡാറ്റ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ ഇലക്ട്രോണിക് പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. രൂപഘടനയിലും ഉള്ളടക്കത്തിലും പല മാറ്റങ്ങളോടെയാണ് പുതിയ പാസ്‌പോര്‍ട്ട്. ഉന്നത സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത പുതിയ പാസ്‌പോര്‍ട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്. പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തി വിവരങ്ങള്‍ക്കു പുറമെ, വിവിധ സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ മൂന്നു തരം ഫോട്ടോകള്‍, ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്രമേണ പഴയ പാസ്‌പോര്‍ട്ട് പൂര്‍ണമായി ഒഴിവാക്കി അത് പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.