റിയാദ്: സൗദിയിലേക്കുള്ള യാത്രാ വിലക്ക് മൂലം മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ( താമസ രേഖ )എക്സിറ്റ്,റീ -എൻട്രി വീസ തുടങ്ങിയ രേഖകൾ ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകുമെന്ന് ഉത്തരവിറക്കി സൗദി ഭരണാധികാരി സൽമാൻ രാജാവ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിലുള്ള യാത്ര വിലക്ക് മൂലം സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശങ്ങളിൽ കഴിയുന്നവരുടെ രേഖകളാണ് ഇങ്ങനെ പുതുക്കി നൽകുക. നേരത്തെ ഇത് ജൂൺ 3 വരെ അവധി നീട്ടി നൽകിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്തും ദുബായ് പ്രവാസികൾക്ക് ഇത്തരത്തിൽ രേഖകൾ പുതുക്കി നൽകിയിരുന്നു.ദേശീയ വിവര കേന്ദ്രത്തിൻറെnസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയിൽ രേഖകളുടെ കാലാവധി സ്വമേധയാ പുതുക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് പാസ്പോർട്ട് വിദഗ്ധ വിഭാഗവും സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇങ്ങനെ സൗദിയിലേക്ക് വരാൻ കഴിയാതെ അകപ്പെട്ട മലയാളികളടക്കം ഒട്ടേറെപ്പേർക്ക് ഇത് പ്രയോജനപ്രദമാകും. രേഖകളുടെ കാലാവധി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കോവിഡ് പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുമായുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി