റിയാദ്: വിവിധ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തെ ക്വാറന്റൈന്‍ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ക്വാറന്റൈന്‍ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറങ്ങിയിട്ടില്ല.
ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ബ്രസീല്‍, വിയറ്റ്‌നാം എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം. മുമ്പ് 14 ദിവസം ക്വാറന്റൈന്‍ പാലിച്ച ശേഷമാണ് രാജ്യത്തേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ആ നിബന്ധന ഇല്ല. എന്നാല്‍, നിലവില്‍ അറിയിച്ച ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് വരുന്നവര്‍ നിര്‍ബന്ധമായും സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പാലിക്കണം.
ക്വാറന്റൈന്‍ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. സൗദിയില്‍ എത്തിയ ശേഷമുള്ള ക്വാറന്റൈന്‍ പാക്കേജ് എപ്രകാരം എടുക്കണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യാത്രക്കാര്‍ക്ക് സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ക്യുഡൂം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
നിലവില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വരുന്ന മിക്ക വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളാണ്. ഇവര്‍ക്ക് ക്വാറന്റൈന്‍ പാക്കേജുകള്‍ നല്‍കാനുള്ള സാഹചര്യങ്ങള്‍ ഇപ്പോഴില്ല. സൗദി അറേബ്യയില്‍ നിന്നും രണ്ട് ഡോയ് സ്വീകരിച്ച് പോയവര്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാട്ടില്‍ പോയവര്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ പ്രവേശിക്കാം.
സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത ശേഷം പുറത്തു പോയവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്.
ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ ഇളവ് പ്രാബല്യത്തില്‍ വരിക. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് എത്തുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.