യാത്രാനുമതി ലഭിച്ചതോടെ യാത്രകൾ ക്രമീകരിച്ച് സൗദി പ്രവാസികൾ.
റിയാദ് : സൗദിയിൽ നിന്നു സമ്പൂർണ വാക്സീൻ സ്വീകരിച്ചവർക്കു നേരിട്ട് തിരിച്ചെത്താൻ അനുമതിയായതോടെ യാത്രകൾ ക്രമീകരിക്കുകയാണ് സൗദി പ്രവാസികൾ. ഗൾഫ് മേഖലയിലെ ഖത്തർ വഴി മാത്രമാണ് നിലവിൽ സൗദിയിലേയ്ക്ക് പ്രവേശനം സാധ്യമായിരുന്നത്. ഇവിടെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഉൾപ്പെടെ ഭാരിച്ച ചെലവായതിനാൽ സെർബിയ, മാലിദ്വീപ് പോലുള്ള രാജ്യങ്ങളും ഇടത്താവളമായി സൗദി പ്രവാസികൾ തിരഞ്ഞെടുത്തിരുന്നു. എന്നാൽ സൗദിക്ക് പുറമെ ഒമാനും കുവൈത്തും യാത്രാ വിലക്ക് നീക്കിയത് നിലവിൽ സൗദിയിൽ നിന്നു നാട്ടിൽ പോക്ക് ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്നലെവന്ന നിർദേശം അനുസരിച്ച് സെപ്റ്റംബർ ഒന്നു മുതൽ വിമാന സർവീസ് ആരംഭിക്കുമെന്നാണു നിലവിൽ കണക്കാക്കുന്നത്.
പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രകളിൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിർദേശങ്ങളും ലംഘനങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുമായി സൗദി ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനികൾക്ക് സർക്കുലർ നൽകിക്കഴിഞ്ഞു. സൗദിയിൽ നിന്നു രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവരായിരിക്കുക, സ്ഥിരതാമസ രേഖ (ഇഖാമ) ഉള്ളവരായിരിക്കുക എന്നതാണ് നിലവിൽ രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാനുള്ള നിബന്ധനകൾ. ഇവ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സർക്കുലറിലൂടെ ആവർത്തിച്ചു. ഒരു ഡോസ് സൗദിയിൽ നിന്നു സ്വീകരിച്ചതിന് ശേഷം അവധിക്ക് പോകുകയും രണ്ടാം ഡോസ് രാജ്യത്തിനു പുറത്തു നിന്നു സ്വീകരിക്കുകയും ചെയ്തവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാൻ ഇതുവരെ വഴി തെളിഞ്ഞിട്ടില്ല.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നു തിരിച്ച് വരാൻ കാത്തിരിക്കുന്നവരിൽ ഭൂരിപക്ഷവും ഇത്തരക്കാരാണ്. ഇവർക്കായി സൗദി അധികൃതരുമായി ചർച്ചകൾ തുടരുന്നതായി എംബസി നേരത്തേ അറിയിച്ചിരുന്നു.
അതേ സമയം, കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം തീരെ നാട്ടിൽ പോകാതെ സൗദിയിൽ കഴിയുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ് പുതിയ യാത്രാനുമതി. പ്രതിസന്ധി ഘട്ടത്തിൽ നാടണയാനുള്ള ആഗ്രഹം പിടിച്ചടക്കി നിന്നവവർക്ക് ഇപ്പോൾ ആശ്വസിക്കാൻ . രാജ്യത്ത് രണ്ടാം ഡോസ് ലഭ്യമായിട്ട് അധികമായിട്ടില്ലെങ്കിലും യാത്രാവശ്യം മുന്നിൽ കണ്ട് പൂർണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കുന്നവരാണധികവും. ഇവർ ട്രാവൽ ഏജൻസികളിൽ യാത്രക്കുള്ള അന്വേഷണങ്ങളും ബുക്കിങ് ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ,ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബ്ൾ കരാർ ഇല്ലാത്തതിനാലും ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര യാത്രകൾക്ക് നിലവിൽ നിയന്ത്രണം തുടരുന്നതിനാലും വിമാന ലഭ്യത ഒരു പ്രതിസന്ധിയായി തുടരാനാണു സാധ്യത. സൗദിയിൽ നിന്നു സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാനങ്ങളിലാണ് നിലവിൽ നേരിട്ട് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ സൗദിയിൽ എത്തിക്കൊണ്ടിരുന്നത്. ഇതേ വഴി തന്നെയാണ് ഇവിടെ നിന്ന് രണ്ട് വാക്സീൻ സ്വീകരിച്ച് സൗദിയിൽ നിന്നു പുറത്തു പോകുന്നവർക്ക് തിരിച്ചു വരാനും പിന്തുടരാവുന്ന മാർഗം.
സൗദിയിൽ നിന്നു വാക്സീൻ സ്വീകരിച്ചവർക്ക് തിരിച്ചു വരാൻ അനുമതി നൽകിയതിനോടൊപ്പം അവരുടെ കൂടെ കുട്ടികൾക്കു കൂടി പ്രവേശനം സാധ്യമാകുമെന്നതാണു മറ്റൊരു ആശ്വാസം. എന്നാൽ കുടുംബം നേരത്തെ നാട്ടിൽ പോകുകയും സൗദിക്ക് പുറത്തു നിന്നു വാക്സീൻ സ്വീകരിക്കുകയും ചെയ്ത പ്രവാസികൾക്ക് അവരെ കൂടെ കൂട്ടാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. സമ്പൂർണ വാക്‌സീൻ നേടുന്നത് സൗദിയിൽ നിന്നായിരിക്കണം എന്ന നിബന്ധന നീങ്ങുന്നതു വരെ ഇത്തരക്കാർ കാത്തിരിക്കേണ്ടി വരും. കോവിഡിന്റെ തുടക്കം മുതൽ മഹാമാരിയെ നേരിടുന്നതിൽ തികഞ്ഞ ശ്രദ്ധ പുലർത്തുകയും പ്രതോരോധ- മുൻകരുതൽ നടപടികൾ വിട്ടുവീഴ്ചയില്ലാതെ പിൻതുടരുകയും ചെയ്ത രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടു തന്നെ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. സ്‌കൂളുകളിൽ അടുത്ത ആഴ്ച മുതൽ ഇരുന്ന് പഠനവും ആരംഭിക്കുന്നു. ഏറ്റവും അടുത്ത സമയം പൂർണമായും വിലക്കുകൾ നീങ്ങി തടസങ്ങളില്ലാത്ത യാത്ര ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണു മുഴുവൻ പ്രവാസികളും.12 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ ദൗത്യവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.