Spread the love

കോവിഡ് പ്രതിരോധം ;മൂന്നാം ഡോസ് വാക്സീൻ നൽകാനൊരുങ്ങി സൗദി.


റിയാദ് : അറുപത് വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ് വാക്സീൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. വിട്ടുമാറാത്ത രോഗമുള്ളവർ, വൃക്ക തകരാറിലായവർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ചതായി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പ്രായപരിധിയനുസരിച്ച് 60 നു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ തയാറെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ ആലി പത്രസമ്മേളനത്തിൽ പറഞ്ഞു .രാജ്യത്ത് ഇതുവരെ 41 ദശലക്ഷത്തിലധികം കോവിഡ് -19 വാക്സീൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇവരിൽ ഏകദേശം 18.3 ദശലക്ഷം പേർ രണ്ട് ഡോസും പൂർത്തിയാക്കിയവരാണ്. രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ച് എട്ട് മാസം പൂർത്തിയായവർക്കാണ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുകയെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. രണ്ട് ഡോസുകൾ ഇനിയും പൂർത്തിയാക്കാത്തവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പകർച്ചവ്യാധിയെ നേരിടുന്നതിൽ ഇനിയുള്ള ഘട്ടത്തിലും നമ്മെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം വാക്സിനേഷൻ ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സൗദിയിൽ തുടർച്ചയായ അഞ്ച് ദിവസങ്ങളിലും ആകെ അൻപതിൽ താഴെ പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 44 മാത്രമായിരുന്നു.
രോഗം പടരുന്നത് തടയാൻ രാജ്യം ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതലുകൾ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ ക്യാംപയിനുകൾ ശക്തമായി തുടരും.
അഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 19,870 ലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രതിരോധ പ്രോട്ടോക്കോളുകളും, ഇക്കാര്യത്തിൽ അധികൃതർ പുറപ്പെടുവിച്ച നിർദേശങ്ങളും പാലിക്കാൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
ആരോഗ്യ, സുരക്ഷാ നടപടികൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ സൗദി മുനിസിപ്പാലിറ്റികളും ത്വരിതപ്പെടുത്തി.
പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും രോഗവ്യാപനം തടയുന്നതിനും എല്ലാ വാണിജ്യ സൗകര്യങ്ങളും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റികൾ ആവശ്യപ്പെട്ടു. 940 എന്ന കോൾ സെന്റർ നമ്പർ വഴി ലംഘനങ്ങൾ അറിയിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പൊതു, സ്വകാര്യ മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 87,500 നിരീക്ഷണ ട്രിപ്പുകൾ പൂർത്തിയാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു. നിലവിൽ, 88 ശതമാനം പൊതുമേഖലയിലെയും 85 ശതമാനം സ്വകാര്യമേഖലയിലെയും ജീവനക്കാർ രണ്ട് വാക്സീൻ ഡോസുകളും സ്വീകരിച്ചവരാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply