റിയാദ്: ഇന്ത്യ – സഊദി എയര്‍ബബ്ള്‍ കരാര്‍ ജനുവരി ഒന്ന് ശനിയാഴ്ച മുതല്‍ നിലവില്‍ വരുമെന്നും ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സഊദിയിൽ നിന്ന് സര്‍വീസ് ഉണ്ടാവുമെന്നും ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായായിരുന്നു അംബാസിഡർ ഡോ: ഔസാഫ് സഈദ്.
സഊദി അറേബ്യയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ്, ലക്‌നോ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങളിലേക്കുമായിരിക്കും സര്‍വീസുകളുണ്ടാകുക. അതേസമയം എത്ര വിമാനങ്ങളാണ് സര്‍വീസ് നടത്തേണ്ടത് എന്നതിൽ തീരുമാനം കൈകൊള്ളേണ്ടത് ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികളാണ്. സർവ്വീസുകൾ പ്രാബാല്യത്തിൽ വരുമ്പോൾ സഊദി പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.