
കരിപ്പൂർ: സൗദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതൽ സർവിസുകൾ തുടങ്ങും. നിലവിൽ ചാർട്ടർ സർവിസുകളാണ് സൗദി സെക്ടറിലുള്ളത്. പ്രവാസികളുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യത്തിന് ഒടുവിലാണ് സൗദിയുമായി എയർ ബബ്ൾ കരാറിലെത്തിയത്. ഇതുപ്രകാരം 11 മുതൽ ഫ്ലൈ നാസും ഇൻഡിഗോയുമാണ് സർവിസ് നടത്തുക. ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമ്മാമിലേക്കുമാണ് സർവിസ്. കോവിഡിന് മുമ്പ് നിർത്തിയ സർവിസാണ് ഫ്ലൈ നാസ് പുനരാരംഭിക്കുന്നത്.
റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽ നിന്നെത്തുന്ന വിമാനം 8.30ന് മടങ്ങും. ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ് അധികൃതർ അറിയിച്ചു.