തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽനിന്ന് പത്തിലേക്ക് പ്രവേശനത്തിന് അർഹതലഭിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും. മേയ് പത്തിനകം സ്‌കൂൾതലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അസുഖമടക്കമുള്ള കാരണങ്ങളാൽ വാർഷികപരീക്ഷ എഴുതാനാകാത്ത കുട്ടികൾക്കും അവസരം നൽകും.
വാർഷികപരീക്ഷയെഴുതാനാകാത്തവർക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു മുൻവർഷങ്ങളിൽ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, ഇക്കൊല്ലം കോവിഡ് കാരണം ടേം പരീക്ഷകൾ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ അടക്കമുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ നടപടികൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും സ്‌കൂളുകൾക്ക് നിർദേശം നൽകി. എട്ടുവരെ ക്ലാസുകളിലെ എല്ലാവർക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകും. സ്‌കൂളുകളിൽ 2022-23 അധ്യയനവർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. രക്ഷിതാക്കൾക്ക് സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നൽകാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകൾ സമർപ്പിക്കാനാകാത്തവർക്കും താത്‌കാലികമായി പ്രവേശനംനൽകാം.