Spread the love

കൊല്ലം∙ സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെ.ബി.ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരമാണെന്നും എല്ലാ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞദിവസം പത്തനാപരുത്ത് ഒരു ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന.‘‘മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം. തമിഴ്നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങൾ കഴിയുന്നതും മന്ത്രിമാർ, ജനപ്രതിനിധികൾ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ല.
അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽനിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കുക. അപ്പോൾ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല.’’– ഗണേഷ് കുമാർ പറഞ്ഞു.

‘‘ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുകയാണ്. ഞാൻ ഇവിടെ ക്ഷേത്രത്തിൽനിന്നുകൊണ്ടാണ് ഇതരെ മതങ്ങളെ മാനിക്കണമെന്നു പറയുന്നത്. മറ്റു മതസ്ഥരുടെ അടുത്ത ചെന്ന് ഇവിടുത്തെ കുറ്റം പറയുക, അങ്ങനെ ചെയ്യരുത്. എല്ലാ വിശ്വാസങ്ങൾക്കും വളരെ മൂല്യമുണ്ട്, വലിയ വിലയുണ്ട്. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്കു വലിയ വിലയുണ്ട്, വലിയ അദ്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെ നിരസിച്ച്, തരംതാഴ്ത്തി സംസാരിക്കരുത്.’’– ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. യുപിയിലെ റാംപുർ പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.

Leave a Reply