തിങ്കളാഴ്ച സ്കൂള്‍ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.
രണ്ടുവര്‍ഷത്തിനു ശേഷം സ്കൂളുകള്‍ പൂര്‍ണ്ണമായും തുറക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
▪️സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂള്‍ മേധാവികളുടെ യോഗം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം.
▪️മോട്ടോര്‍ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി വാഹനങ്ങള്‍ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
▪️വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ ഉടൻ തീര്‍ക്കണം.
▪️വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാടകയ്ക്കെടുക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പത്ത് വര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉളളവരായിരിക്കണം.
▪️മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ പാടില്ല.
▪️കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഒമ്നി വാഹനങ്ങള്‍ ഉള്‍പ്പെടെയുളളവയ്ക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണം.
▪️കുട്ടികളെ കയറ്റാനും ഇറക്കാനും വാതിലുകളില്‍ സഹായികള്‍ ഉണ്ടാകണം. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല.
▪️കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
കുട്ടികളെ സ്കൂളിലെത്തിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളുടെയും സുരക്ഷാപരിശോധന നടത്തും. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് സ്കൂള്‍ സേഫ്റ്റ് ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാരപരിധിയിലെ എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിച്ചു ഗതാഗത സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. ഈ പ്രവർത്തനങ്ങൾ ജില്ലാ പോലീസ് മേധാവിമാർ ദിവസേന വിലയിരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.