പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രദീപ് കുമാർ വി.വിയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
സ്കൂൾ അസംബ്ലിയിൽ ബോധം നഷ്ടപ്പെട്ട വിദ്യാർഥിനിയെ സ്റ്റാഫ് റൂമിൽ ഇരുത്തിയപ്പോൾ പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് വിദ്യാർഥിനി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരാണ് കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചത്. ചൈൽഡ് ലൈൻ പരാതി പൊലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.